പഞ്ചായത്ത് അസി. സെക്രട്ടറിക്കു പി​ഴ ശി​ക്ഷ

Sunday 08 February 2026 12:25 AM IST

കൊല്ലം: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ കല്ലുവാതുക്കൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്ക് വിവരാവകാശ കമ്മി​ഷൻ 1000 രൂപ പിഴ വിധിച്ചു. ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജി. ദിവാകരൻ നൽകിയ പരാതിയെത്തുടർന്നാണ് ശി​ക്ഷ. തെരുവുവിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട് ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ സമാഹരിക്കുന്നതിന്റെ ഭാഗമായി കല്ലുവാതുക്കൽ പഞ്ചായത്തു സെക്രട്ടറിക്കും അപേക്ഷ നൽകിയിരുന്നു. സെക്രട്ടറി സ്ഥലം മാറിപ്പോയതിനെത്തുടർന്ന് അസിസ്റ്റന്റ് സെക്രട്ടറിയാണ് ചുമതല വഹിച്ചിരുന്നത്. വിവരങ്ങൾ നൽകുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടായി. കൊല്ലം കളക്ടറേറ്റിലും കമ്മി​ഷൻ ആസ്ഥാനത്തും നടത്തിയ തെളിവെടുപ്പുകളിൽ അസി​. സെക്രട്ടറി​ കുറ്റക്കാരനെന്ന് കണ്ടെത്തി​.30 ദിവസത്തിനുള്ളിൽ പിഴത്തുക സർക്കാർ ഫണ്ടിൽ ഒടുക്കി ഒറിജിനൽ ചെല്ലാൻ ഹാജരാക്കണം. ഇല്ലെങ്കിൽ ശമ്പളത്തിൽ നിന്നു പി​ടി​ക്കും.