കേരളത്തിലേക്കുള്ള വാഹനങ്ങൾ കുടുങ്ങി
Sunday 08 February 2026 12:26 AM IST
കൊല്ലം: ആര്യങ്കാവിന് സമീപമുള്ള തമിഴ്നാട് മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ ക്വാറി ഉത്പന്നങ്ങളുമായി വന്ന ലോറികൾ കൂട്ടത്തോടെ പിടിച്ചിട്ട് പരിശോധന നടത്തിയതോടെ കേരളത്തിലേക്കുള്ള മറ്റ് വാഹനങ്ങൾ ഒരു മണിക്കൂറിലേറെ കുടുങ്ങി. അമിതഭാരം ആരോപിച്ച് വൈകിട്ട് മൂന്നോടെയാണ് പരിശോധന തുടങ്ങിയത്. ലോറികൾ കൂട്ടത്തോടെ അരികിൽ പിടിച്ചിട്ടതോടെ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടായി. ആറരയോടെ പരിശോധന അവസാനിച്ചതിന് പിന്നാലെയാണ് ഗതാഗതം സുഗമമായത്. കേരള അതിർത്തിയായ കോട്ടവാസലിൽ നിന്നു രണ്ടര കിലോ മീറ്റർ അകലെ എസ് വളവിലാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റ്. ആര്യങ്കാവിൽ കേരളത്തിലെ മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റില്ല. വനം വകുപ്പിന്റെയും എക്സൈസിന്റെയും ചെക്ക് പോസ്റ്റും പൊലീസ് എയ്ഡ് പോസ്റ്റുമേയുള്ളു.