മയക്കുമരുന്ന് പ്രതി കരുതൽ തടങ്കലിൽ
കൊല്ലം: മയക്കുമരുന്ന് കേസുകളിലെ പ്രതി കരുനാഗപ്പള്ളി ആദിനാട് പുന്നക്കുളം മുറിയിൽ ഷീജ മൻസിലിൽ മുഹമ്മദ് റാഫിയെ (25) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിനായി സെൻട്രൽ ജയിലിലേക്ക് അയച്ചു. എം.ഡി.എം.എ ചില്ലറ വില്പനയ്ക്കായി കൊണ്ടു വരുന്നതിനിടെ കഴിഞ്ഞ വർഷം മുഹമ്മദ് റാഫിയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2024 ൽ അഞ്ചാലുംമൂട് സ്റ്റേഷൻ പരിധിയിലും എം.ഡി.എം.എ കച്ചവടത്തിന് ഇയാൾ റിമാൻഡിലായിരുന്നു. ജില്ലാ പൊലീസ് മേധാവി മുഖേന കരുനാഗപ്പള്ളി അസി. പൊലീസ് കമ്മിഷണർ, കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ എന്നിവർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ ഷമീർ, എസ്.സി.പി.ഒമാരായ ഹാഷിം, ശിഹാബ്, സി.പി.ഒ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.