സംസ്ഥാനത്ത് മൂന്നിടങ്ങളിൽ തീപിടിത്തം; സംഭവം അർദ്ധരാത്രിയിൽ
തൃശൂർ: സംസ്ഥാനത്ത് രാത്രികാലങ്ങളിലുണ്ടാകുന്ന തീപിടിത്ത അപകടങ്ങൾ വർദ്ധിക്കുന്നു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാന്റീനിൽ പുലർച്ചെ 1.15 ഓടെ തീപിടിത്തം ഉണ്ടായി. അടച്ചിട്ടിരുന്ന കാന്റീനിന്റെ മുകൾ ഭാഗത്തു നിന്ന് തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇരിങ്ങാലക്കുട, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നായി മൂന്ന് ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. അടച്ചിട്ടിരുന്ന കാന്റീനിന്റെ വാതിൽ തകർത്താണ് ഫയർഫോഴ്‌സ് സംഘം അകത്തുകടന്നത്. അടുക്കളയിലെ ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഒന്നരക്കൊല്ലം മുൻപാണ് കാന്റീൻ നവീകരണം നടത്തി തുറന്ന് പ്രവർത്തിക്കാനാരംഭിച്ചത്. ഏകദേശം എട്ടുലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം, കോഴിക്കോട് ജില്ലയിലെ വള്ളിക്കുളങ്ങരയിലെ പലചരക്കുകടയിലും തീപിടിത്തമുണ്ടായി. പുത്തൻപുരയിൽ ഹാർഷിമിന്റെ കടയ്‌ക്കാണ് ഇന്ന് പുലർച്ചെ തീപിടിച്ചത്. ഇതുവഴി പോയ നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. കടപൂർണമായി കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്‌ടമുണ്ടായതായാണ് വിവരം. സമീപത്ത് ധാരാളം ചെറുകിട സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു. ഇവിടേയ്‌ക്ക് തീപടരുന്നത് തടഞ്ഞതിനാൽ അപകടത്തിന്റെ വ്യാപ്‌തി കുറയ്‌ക്കാനായി.
തിരുവനന്തപുരം മണ്ണന്തലയിലെ കടയിലും ഇന്നലെ രാത്രി തീപിടിത്തമുണ്ടായി. ഉപയോഗിച്ച ഫർണിച്ചറുകൾ വിൽക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. മൂന്നിലധികം ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന് പിന്നിൽ അട്ടിമറി സാദ്ധ്യതയും സംശയിക്കുന്നുണ്ട്.