സൂരജ് ലാമയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; സംസ്‌കാരം കളമശേരി ശ്‌മശാനത്തിൽ

Sunday 08 February 2026 10:41 AM IST

കൊച്ചി: കാണാതായ കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകി. കളമശേരി ശ്‌മശാനത്തിൽ കുടുംബത്തിന്റെ

വിശ്വാസപ്രകാരം സംസ്‌കരിക്കാനുള്ള നടപടികൾ തുടങ്ങി. മൃതദേഹം ലാമയുടേതാണെന്ന് സ്ഥിരീകരിക്കുന്ന ഡിഎൻഎ ഫലം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

കുവൈറ്റ് മദ്യ ദുരന്തത്തിൽ ഓർമ്മശക്തി നഷ്‌ടപ്പെട്ടാണ് സൂരജ് ലാമ കേരളത്തിലെത്തിയത്. അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് കേരളത്തിലാണെന്നത് തന്നെ നിരാശപ്പെടുത്തുന്നുവെന്ന് ലാമയുടെ മകൻ സാൻടൻ ലാമ പ്രതികരിച്ചു. സൂരജ് ലാമയെ കണ്ടെത്താത്തതിൽ ഹൈക്കോടതി കടുത്ത ഭാഷയിൽ പൊലീസിനെ വിമർശിച്ചിരുന്നു. കേസ് എടുത്തിട്ടും എന്ത് സംഭവിച്ചെന്നും ലാമയെ കണ്ടെത്താൻ പൊലീസ് എന്താണ് ചെയ്‌തതെന്നും കോടതി ചോദിച്ചു. സംഭവത്തിൽ ലജ്ജ തോന്നുന്നെന്നും ഹൈക്കോടതി പ്രതികരിച്ചു. നെടുമ്പാശ്ശേരി എസ്എച്ച്ഒ തിങ്കളാഴ്‌ച ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

ഒക്‌ടോബർ അഞ്ചിന് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ സൂരജ് ലാമയ്‌ക്കായി മകൻ സാൻടൻ ലാമ തിരച്ചിൽ ആരംഭിച്ചതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്. പൊലീസ് ലാമയെ കണ്ടെത്തി കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഓർമശക്തി നഷ്‌ടപ്പെട്ട ലാമ അവിടെ നിന്നും പോയിരുന്നു. മകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിക്ക് പിന്നാലെയാണ് കോടതി വിഷയത്തിൽ ഇടപെട്ടത്. കോടതിയുടെ ശക്തമായ നിർദേശത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചത്.

രണ്ടുമാസം മുൻപാണ് എച്ച്എംടി പരിസരത്തുനിന്നും ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ലാമയെ കണ്ടെത്തുന്നതിലും സംരക്ഷിക്കുന്നതിലും പൊലീസിന്റെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെ സംവിധാനങ്ങളുടെയും ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചയ്‌ക്കെതിരെ വലിയ രീതിയിൽ വിമർശനം ഉയരുന്നുണ്ട്.