'മീനുകളെ ഗ്രേഡുകളാക്കി തിരിച്ചിട്ടില്ല ; ദിവാകരന്റെ പ്രതികരണം ഓർമക്കുറവുകൊണ്ടായിരിക്കാം'
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വില കൂടിയ മത്സ്യമേ കഴിക്കൂയെന്ന മുൻ മന്ത്രി സി ദിവാകരന്റെ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ചില ആളുകൾക്ക് ചില മീനുകൾ ആയിരിക്കും ഇഷ്ടമെന്നും എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് മത്സ്യ ഭക്ഷണത്തോടുള്ള പ്രിയത്തെപ്പറ്റി കഴിഞ്ഞ ദിവസം സി ദിവാകരൻ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഒന്നാം ക്ലാസ് മീനുകൾ മാത്രമേ പിണറായി കഴിക്കൂയെന്നും മീൻ ഇഷ്ടപ്പെടാതെ എഴുന്നേറ്റ് പോയിട്ടുണ്ടെന്നുമായിരുന്നു ദിവാകരൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
'ചില ആളുകൾക്ക് ചില മീനുകൾ ആയിരിക്കും ഇഷ്ടം. അതിന് എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നുമില്ല. സി ദിവാകരന്റെ പ്രതികരണം ഓർമ്മക്കുറവ് കൊണ്ടായിരിക്കാം. ബുക്ക് ആകുമ്പോ കുറച്ച് എരിവും പുളിയും ഒക്കെ വേണ്ടേ. ചില ആൾക്കാർ ബീഫ് കഴിക്കും, ചിലർ ചിക്കൻ, ചിലർ പോത്ത്, ചിലർ മട്ടനൊക്കെ കഴിക്കും. അത് ഓരോരുത്തരുടെ ഇഷ്ടമാണ്. അത് വ്യക്തിപരമായ ഇഷ്ടമാണ്. അതിനെപ്പറ്റി ചർച്ചചെയ്യേണ്ട ആവശ്യമില്ല. ചിലർക്ക് അലർജി ഉണ്ടാകും. ചില മീനുകൾ ഞാൻ കഴിക്കില്ല'- ശിവൻകുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം തന്റെ കുട്ടിക്കാലത്തെ ദാരിദ്ര്യത്തെക്കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫസ്റ്റ് ക്ലാസ് മീനിനോടുള്ള മുഖ്യമന്ത്രിയുടെ താല്പര്യങ്ങളെക്കുറിച്ചുള്ള വാർത്തകളും പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്കും രാഷ്ട്രീയ വിമർശനങ്ങളുമാണ് സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്നത്.
എൽഡിഎഫ് ജാഥയിൽ പിണറായി വിജയനോടൊപ്പം വൈസ് ക്യാപ്ടനായി പ്രവർത്തിച്ച കാലത്തെ രസകരമായ അനുഭവങ്ങളായാണ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സി ദിവാകരൻ പങ്കുവച്ചത്. ഒരിക്കൽ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ വറുത്ത മീൻ കഷ്ണം കണ്ട് ഇത് ഏതാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ചൂര മീനാണെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രി ഭക്ഷണം കഴിക്കാതെ എഴുന്നേറ്റു പോയി. ഇതോടെ പാർട്ടി നേതാക്കൾ അച്ചടക്ക നടപടി ഭയന്ന് വലിയ ആശങ്കയിലായി.
പിറ്റേന്ന് പാറശാലയിലായിരുന്നു ഭക്ഷണം. അവിടെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണം നൽകാനായി പുലർച്ചെ അഞ്ചു മണിക്ക് തന്നെ ജില്ലാ സെക്രട്ടറി പാളയം മാർക്കറ്റിൽ പോയി വലിയ നെയ്മീൻ വാങ്ങി കൊണ്ടുവന്നു. നെയ്മീൻ വിഭവങ്ങൾ കണ്ടതോടെ മുഖ്യമന്ത്രി ഏറെ സന്തോഷത്തോടെ ഭക്ഷണം കഴിച്ചെന്നും നേതാക്കൾക്ക് സമാധാനമായെന്നും സി ദിവാകരൻ പറഞ്ഞിരുന്നു.