സന്തോഷ് ട്രോഫിയിൽ സർവീസസിന് എട്ടാം കിരീടം, വിജയ ഗോൾ നേടിയത് അഭിഷേക് പവാർ
ധാക്കുവാഖാന: 79-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരത്തിൽ കേരളത്തെ പരാജയപ്പെടുത്തി സർവീസസിന് എട്ടാം കിരീടം. കലാശപ്പോരിൽ എക്സ്ട്രാ ടൈമിലാണ് സർവീസസ് ഗോൾ നേടിയത്. 109-ാം മിനിട്ടിൽ അഭിഷേക് പവാറാണ് ഗോൾ വല ചലിപ്പിച്ചത്.എതിരില്ലാത്ത ഒരു ഗോളിനാണ് സർവീസസ് കേരളത്തെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയമായ 90 മിനിട്ടിലും ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനാകാത്തതിനെ തുടർന്നാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. കളത്തിലുടനീളം കേരളം ആധിപത്യം പുലർത്തിയെങ്കിലും സർവീസസിന്റെ പ്രതിരോധം തകർക്കാൻ കേരളത്തിന് സാധിച്ചില്ല. ഇത് ഒമ്പതാം തവണയാണ് കേരളം ഫൈനലിൽ പരാജയപ്പെടുന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ കേരളത്തിന് നിർഭാഗ്യം കനത്ത തിരിച്ചടിയായിരുന്നു.27-ാം മിനിട്ടിൽ വി. അർജുൻ തൊടുത്ത ലോംഗ് റേഞ്ചർ പോസ്റ്റിൽ തട്ടിത്തെറിച്ചതും, ഷിജിന് ലഭിച്ച സുവർണാവസരം ലക്ഷ്യത്തിലെത്താതിരുന്നതും കേരളത്തിന്റെ ലീഡ് മോഹങ്ങൾക്ക് തടയിട്ടു. സെമിയിലെ ഹീറോ എം. വിഘ്‌നേഷിനെ പകരക്കാരുടെ ബെഞ്ചിലിരുത്തി ടി ഷിജിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരീക്ഷണവുമായാണ് കോച്ച് ഷഫീഖ് ഹസൻ ടീമിനെ ഇറക്കിയത്.
രണ്ടാം പകുതിയിൽ വിഘ്‌നേഷിനെ കളത്തിലിറക്കി കേരളം ആക്രമണം ശക്തമാക്കിയെങ്കിലും പാർക്കിംഗ് ദ ബസ് തന്ത്രത്തിലൂടെ പ്രതിരോധക്കോട്ട കെട്ടിയ സർവീസസിനെ മറികടക്കാൻ മലയാളി താരങ്ങൾക്കായില്ല. സർവീസസ് ഗോൾകീപ്പർ ഗഗൻദീപിന്റെ തകർപ്പൻ സേവുകളും കേരളത്തിന് വിനയായി.
ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തെ നേരിട്ടപ്പോഴും സർവീസസിനായി വിജയഗോൾ നേടിയത് അഭിഷേക് പവാർ ആയിരുന്നു. അത് ഫൈനലിലും ആവർത്തിച്ചു. 109-ാം മിനിട്ടിൽ ലഭിച്ച അവസരം ഫിനിഷ് ചെയ്ത പവാർ സർവീസസിന് കിരീടം ഉറപ്പിക്കുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ സമനിലയ്ക്കായി കേരളം സർവ്വ സന്നാഹങ്ങളുമായി ആക്രമിച്ചു കളിച്ചെങ്കിലും സർവീസസ് പ്രതിരോധം തീർക്കുകയായിരുന്നു.