ശബരിമല സ്വർണക്കൊള്ള; കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ വ്യക്തതയില്ല, വീണ്ടും സാമ്പിളുകൾ ശേഖരിക്കും

Sunday 08 February 2026 2:55 PM IST

തിരുവനന്തപുരം: ശബരിമലയിൽ നിന്നും കടത്തിക്കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തെക്കുറിച്ച് ആശയക്കുഴപ്പം തുടരുന്നു. വിഎസ്എസ്‌സി നടത്തിയ സാമ്പിൾ പരിശോധനയിലെ അന്തിമഫലം വന്നെങ്കിലും സ്വർ‌ണം പൊതിഞ്ഞ ചെമ്പുപാളികൾ പൂർണമായി മാറ്റി പുതിയ പാളികൾ സ്ഥാപിക്കുകയായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിലെ ആശയക്കുഴപ്പം പരിഹരിക്കാനായി വീണ്ടും സാമ്പിളുകൾ ശേഖരിച്ച് കൂടുതൽ സൗകര്യമുള്ള മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും. നഷ്‌ടമായ സ്വർണത്തിന്റെ ഏകദേശ കണക്കും തുടർ പരിശോധനയുടെ ആവശ്യവും വ്യക്തമാക്കി അന്വേഷണസംഘം നാളെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും.

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ സ്വർണപാളികൾ മറിച്ചുവിറ്റശേഷം പുതിയ പാളികളാണോ സ്ഥാപിച്ചതെന്ന കാര്യം ഇപ്പോഴും ദുരൂഹമാണ്. ശാസ്‌ത്രീയ പരിശോധനാഫലം പുറത്തുവരുമ്പോൾ സംശയങ്ങൾക്ക് ഉത്തരം കിട്ടുമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

1998ൽ മെർക്കുറി ഉപയോഗിച്ചാണ് കട്ടിളപ്പാളികളിൽ യുബി ഗ്രൂപ് സ്വർണം പൊതിഞ്ഞത്. എന്നാൽ, ചില പാളികളിൽ മെർക്കുറിയുടെ സാനിധ്യം തീരെയില്ല. ഇതാണ് സ്വർണപാളികൾ പൂർണമായി കടത്തിയിട്ടുണ്ടോയെന്ന സംശയം ബലപ്പെടുത്തുന്നത്. ശബരിമലയിലെ സ്‌ട്രോങ് റൂമിലുണ്ടായിരുന്ന പഴയ വാതിലിൽ നിന്നും സാമ്പിൾ ശേഖരിച്ച് താരതമ്യ പരിശോധന നടത്തിയിരുന്നു. ശാസ്‌ത്രീയ പരിശോധനാ റിപ്പോർട്ടിലും ഈ ചോദ്യത്തിന് ഉത്തരമില്ല. മാസപൂജയ്‌ക്ക് അടുത്ത ആഴ്‌ച നട തുറന്നതിനുശേഷം വീണ്ടും സ്വർണപാളികളുടെ സാമ്പിളുകൾ ശേഖരിച്ച് കൂടുതൽ മികച്ച ലാബിൽ പരിശോധന നടത്താനാണ് എസ്ഐടിയുടെ നീക്കം.