ഉപദേശം ഇഷ്ടപ്പെട്ടില്ല; പള്ളി ഭാരവാഹിക്ക് താക്കോലിന് ഇടി

Sunday 08 February 2026 4:43 PM IST

കൊച്ചി: കുടിവെള്ളം പാഴാക്കരുതെന്ന് ഉപദേശിച്ച പള്ളി രക്ഷാധികാരിയെ താക്കോൽ ഉപയോഗിച്ച് മർദ്ദിച്ച് യുവാവ്. തൃക്കാക്കര ആസാദ് റോഡിലെ മസ്ജിദ് നൂർ പള്ളി രക്ഷാധികാരിയും പ്രസിഡന്റുമായ 65കാരനാണ് മർദ്ദനമേറ്റത്. ഹൃദ്രോഗികൂടിയായ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ഡെലിവറി ബോയിയായ യുവാവാണ് കഥാപാത്രം. ഭക്ഷണം കഴിച്ചശേഷം പള്ളിയിൽ പൊതുജനങ്ങൾക്ക് ദാഹമകറ്റാനായി സ്ഥാപിച്ച വാട്ടർകൂളറിൽ നിന്ന് വെള്ളമെടുത്ത് പാത്രം കഴുകി. ഇത് കുടിക്കാനുള്ളതാണെന്നും പാത്രം കഴുകി വെള്ളം പാഴാക്കരുതെന്നും 65കാരൻ പറഞ്ഞു. ഇത് യുവാവിന് ഇഷ്ടപ്പെട്ടില്ല. വാക്കുതർക്കത്തിന് ഇടയാക്കിയെങ്കിലും ഇരുവരും പരസ്പരം പിരിഞ്ഞു.

ഏതാനും മിനിറ്റുകൾക്ക് ശേഷം കുടിവെള്ളമെടുക്കാൻ ഒരു കുപ്പിയുമായി എത്തിയ പ്രതി, 65കാരനോട് പള്ളിയിൽ നിന്ന് ഇറങ്ങിവരാൻ വെല്ലുവിളിച്ചു. പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെ യുവാവ് 65കാരനെ നിലത്തേക്ക് തള്ളിയിട്ടശേഷം മുഖത്തും നെഞ്ചിലുമായി താക്കോൽ കൊണ്ട് ക്രൂരമായി ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട് അടുത്ത സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ എത്തിയാണ് ഇദ്ദേഹത്തെ രക്ഷിച്ചത്. പിന്നാലെ യുവാവ് സ്ഥലംവിട്ടു. തുടർന്ന് 65കാരനെ ആശുപത്രിയിൽ എത്തിച്ചു. നെറ്റിയിലും കഴുത്തിന് പിന്നിലുമാണ് മുറിവേറ്റിട്ടുള്ളത്. പരാതിയിൽ കേസെടുത്ത തൃക്കാക്കര പൊലീസ് പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.