അപസ്മാരം കണ്ടെത്താൻ ബ്രെയിൻ സ്‌കാനിംഗ്

Sunday 08 February 2026 5:18 PM IST

കൊച്ചി: രോഗിയുടെ ബ്രെയിൻ ഡാറ്റ ഉപയോഗിച്ച് തലച്ചോറിലെ അപസ്മാര സ്രോതസ് കൃത്യമായി കണ്ടെത്താൻ കൊച്ചി അമൃത ആശുപത്രയിലെ ഡോക്ടർമാർ വികസിപ്പിച്ച രീതിക്ക് പേറ്റന്റ് ലഭിച്ചു. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സ്‌കാനുകൾ വിശകലനം ചെയ്യുന്ന രീതിയാണ് വികസിപ്പിച്ചത്. തലച്ചോറിന്റെ ഇടതും വലതും വശങ്ങൾ താരതമ്യപ്പെടുത്തി ചെറിയ വ്യതിയാനം പോലും രേഖപ്പെടുത്തുകയും അപസ്മാര സ്രോതസ് കൃത്യതയോടെ മാപ്പ് ചെയ്യുകയും ചെയ്യുന്നതാണ് പുതിയ സംവിധാനം. പഠനഫലങ്ങൾ ജേണൽ ഒഫ് ന്യൂറോ സർജറിയിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയിലും അമേരിക്കയിലും സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ലഭിച്ചു. ശസ്ത്രക്രിയ സാദ്ധ്യമല്ലെന്ന് വിധിച്ചിരുന്ന സങ്കീർണമായ അപസ്മാര രോഗികളിൽ നൂതന സാങ്കേതികവിദ്യയുടെ സഹായത്താൽ ശസ്ത്രക്രിയ വിജയകരമായി സാദ്ധ്യമായെന്ന് അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ എപ്പിലെപ്‌സി മേധാവി ഡോ.സിബി ഗോപിനാഥ് പറഞ്ഞു.