പറഞ്ഞ കാര്യം കൈയോടെ നടപ്പാക്കി മേയർ വി വി രാജേഷ് , തിരുവനന്തപുരത്തെ സ്പാ കേന്ദ്രം പൂട്ടിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്പാ കേന്ദ്രങ്ങൾക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ നടപ്പിലാക്കി മേയർ വി.വി.രാജേഷ്. യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിക്ക് പിന്നാലെ സെക്രട്ടറിയേറ്റിന് സമീപത്തെ സ്പായിൽ പരിശോധന നടത്തി കേന്ദ്രം അടച്ചുപൂട്ടി. കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തി സെക്രട്ടറിയേറ്റിന് മുന്നിലെ സ്പർശൻ വെൽനസ് സ്പാ അടച്ചുപൂട്ടിയത്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ഇന്നലെ അഭിമുഖത്തിന് എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന്, മേയർ വി.വി. രാജേഷ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. അഭിമുഖത്തിനെത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്ന് 23കാരി മേയറെ വിളിച്ച് പരാതി നൽകുകയായിരുന്നു. തുടർന്ന് മേയർ പൊലീസിനെ വിവരം അറിയിച്ചു. ഇതിന് പിന്നാലെയാണ് സ്പാ കേന്ദ്രത്തിൽ പരിശോധന നടത്തിയത്.
സെക്രട്ടറിയേറ്റിന് മുന്നിലെ സ്പർശൻ വെൽനസ് സ്പായുടെ ഒരുഭാഗം പ്രവർത്തിച്ചിരുന്നത് ലൈസൻസ് ഇല്ലാതെയാണെന്ന് കണ്ടെത്തി. പ്രീമിയം വിഭാഗമാണ് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്നത്. തുടർന്നാണ് സ്പാ അടച്ചുപൂട്ടിയത്.
തിരുവനന്തപുരം കോർപറേഷൻ കൊടുത്തിരിക്കുന്ന എല്ലാ സ്പാകളുടെയും ലൈസൻസ് പരിശോധിക്കാൻ പറഞ്ഞിട്ടുണ്ടെന്ന് മേയർ നേരത്തെ അറിയിച്ചിരുന്നു. അവിടങ്ങളിൽ പരിശോധനയും നടത്തും.കോർപറേഷനും പൊലീസും സംയുക്തമായി ഈ മേഖലയിൽ ചില ഇടപെടലുകൾ നടത്താൻ ആലോചിക്കുന്നുണ്ട്. ഉന്നതപൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കും. ക്രോസ് മസാജിംഗ് വ്യാപകമായി നടക്കുകയാണ്. സെന്ററുകളിൽ മാസിയർ, ഡോക്ടർ എന്നിവർ വേണം. ചില ഡോക്ടർമാർ ഇത്തരം കാര്യങ്ങൾക്ക് ഒത്താശ ചെയ്യുന്നുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. അവർ കോർപറേഷന്റെയും പൊലീസിന്റെയും കർശന നിരീക്ഷണത്തിലാണ്. മെഡിക്കൽ കൗൺസിലിനെ വിവരമറിയിക്കും. ഇത്തരം കേന്ദ്രങ്ങളുമായി ബന്ധം സ്ഥാപിച്ചിട്ടുള്ള പൊലീസുകാരുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്'- മേയർ പറഞ്ഞു.