ഒറ്റ രാത്രികൊണ്ട് കിണറ്റിലെ വെള്ളത്തിന്റെ നിറം മാറി; ഞെട്ടി വീട്ടുകാർ, സംഭവം മലപ്പുറത്ത്

Sunday 08 February 2026 8:45 PM IST

മലപ്പുറം: ഒറ്റ രാത്രികൊണ്ട് കിണറിലെ വെള്ളത്തിന്റെ നിറം പൂർണമായും മാറി. അങ്ങാടിപ്പുറം വെെലോങ്ങര ചെരക്കാപറമ്പിൽ പാതാരി അബ്ദുൽ അസീസിന്റെ വീട്ടുമുറ്റത്തെ കിണറിലാണ് വെള്ളത്തിന് നിറവ്യത്യാസമുണ്ടായത്. 32വർഷമായി വീട്ടിലെ ആവശ്യങ്ങൾക്ക് ഈ കിണറ്റിൽ നിന്നാണ് വെള്ളം എടുത്തിരുന്നതെന്ന് വീട്ടികാർ പറയുന്നു. ഇതിന്റെ കാരണം അറിയാൻ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. വെള്ളനിറത്തിലാണ് ഇപ്പോൾ കിണറ്റിലെ വെള്ളം.

മണ്ണ് ഖനനം, പാറ ഖനനം എന്നിവ കിണറ്റിലെ വെള്ളത്തിന്റെ നിറം മാറ്റാൻ സാദ്ധ്യതയുള്ള കാരണങ്ങളാണ്. എന്നാൽ ഇവയൊന്നും പരിസരപ്രദേശങ്ങളിൽ ഇല്ല. അബ്ദുൾ അസീസിന്റെ മകനാണ് രാവിലെ വെള്ളത്തിന്റെ നിറം മാറിയത് ശ്രദ്ധിച്ചത്. വിവരം അറിഞ്ഞ വാർഡ് അംഗം മുബീന തസ്നി സ്ഥലലെത്തി വിവരം ആരോഗ്യവകുപ്പിനെ അറിയിക്കുകയായിരുന്നു. കാരണം അറിയാൻ കൂടുതൽ പരിശോധന വേണമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. ദെെനംദിന ആവശ്യത്തിനായി അയൽവാസിയുടെ പറമ്പിലെ കിണറിനെയാണ് ഇപ്പോൾ കുടുംബം ആശ്രയിക്കുന്നത്.