പിറ്റ് ലൈൻ ഏപ്രിലിൽ പൂർത്തിയാകും
പാലക്കാട്: ജില്ലയുടെ റെയിൽവേ വികസത്തിന്റെ നാഴികകല്ലാവുന്ന പാലക്കാട് പിറ്റ് ലൈൻ പദ്ധതി ഏപ്രിലിൽ പൂർത്തിയാക്കാൻ റെയിൽവേ ഒരുങ്ങുന്നു. രണ്ട് മാസത്തിനകം നിർമ്മാണ - അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കി പദ്ധതി മേയിൽ കമ്മിഷൻ ചെയ്യാനാണ് ആലോചിക്കുന്നത്. കമ്മിഷൻ ചെയ്ത് കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ തന്നെ അഞ്ച് ട്രെയിനുകൾ പാലക്കാട് ടൗണിൽ നിന്ന് ആരംഭിക്കാനാണു ശ്രമം. ട്രെയിനുകൾ പരിശോധിക്കുന്ന ലൈൻ പൂർത്തിയായെങ്കിലും അതു പ്രധാന ട്രാക്കുകളുമായി ബന്ധിപ്പിക്കണം. ഗൗരവമുള്ള തകരാർ കണ്ടെത്തിയാൽ പരിഹരിക്കാനുള്ള സിക്ക് ലൈനും പണി പൂർത്തിയായ ട്രെയിനുകൾ നിർത്തിയിടുന്ന സ്റ്റേബിളിംഗ് ലൈനും താമസിയാതെ പൂർത്തിയാകും. ഇതിന്റെ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.
സ്റ്റേബിളിംഗ് ലൈനിൽ നിന്നാണു ട്രെയിനുകൾ പ്ലാറ്റ്‌ഫോമിലെത്തുക. മിക്ക കോൺക്രീറ്റ് ജോലികളും പൂർത്തിയായി. ഒാഫിസുകളുടെ നിർമാണം പുരോഗമിക്കുകയാണ്. സബ് സ്റ്റേഷന്റെ പണിയും താമസിയാതെ ആരംഭിക്കും. ക്രെയിനും സ്ഥാപിക്കാനുണ്ട്. ഡിവിഷനൽ മെക്കാനിക്കൽ എൻജിനീയർ തലത്തിലുള്ള കോച്ച് ഡിപ്പോ ഒാഫിസറുടെ കീഴിൽ 10 സൂപ്പർ വൈസർമാർ ഉൾപ്പെടെ ഏകദേശം 100 ജീവനക്കാരുണ്ടാകും.
നിലവിൽ മംഗളൂരു, ചെന്നൈ വർക്‌ഷോപ്പുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ കുറച്ചുപേരെ ഇവിടേക്ക് മാറ്റാനും പുതുതായി 40 പേരെ നിയമിക്കാനുമാണു നീക്കം. 62 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പിറ്റ്‌ലൈൻ ഈ വർഷം ആദ്യം കമ്മിഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിച്ചത്. ഇവിടെ ഒരു പിറ്റ്‌ലൈൻ കൂടി സ്ഥാപിക്കാനും ശുപാർശയുണ്ട്. കൂടുതൽ ട്രെയിനുകൾ ആരംഭിക്കുന്നതോടെ ഭാവിയിൽ ടൗൺ സ്റ്റേഷൻ റെയിൽവേ ടെർമിനലായി മാറിയേക്കും.
പിറ്റ്‌ലൈൻ പൂർത്തിയാകുമ്പോൾ കോയമ്പത്തൂർ – ബാംഗ്ലൂർ വന്ദേഭാരത് പാലക്കാട് ടൗണിലേക്കു നീട്ടാനും മാംഗ്ലൂരിൽ നിന്നു പൊള്ളാച്ചി വഴി കൂടുതൽ സർവീസ് ആരംഭിക്കാനും ആലോചനയുണ്ട്. പാലക്കാട്ടേക്കു നീട്ടാൻ റെയിൽവേ ബോർഡ് അനുമതി നൽകിയ കോയമ്പത്തൂർ – ബാംഗ്ലൂർ ഡബിൾ ഡെക്കർ എക്സ്പ്രസും പുതുതായി അനുവദിച്ച മയിലാടുംതുറൈ – പാലക്കാട് പാസഞ്ചറും ആരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.