മഴയും വെയിലും പേടിക്കേണ്ട; പുതിയകാവിലെ കാത്തിരിപ്പ് കേന്ദ്രം നവീകരിക്കുന്നു

Monday 09 February 2026 1:26 AM IST

കൊല്ലം: പുതിയകാവ് ക്ഷേത്രത്തിന് മുന്നിൽ അപകടാവസ്ഥയിൽ നിന്നിരുന്ന രണ്ട് കാത്തിരിപ്പ് കേന്ദ്രങ്ങൾ നവീകരിക്കുന്നു. ഇതിൽ കൂടുതൽ തകർച്ചയുള്ള കേന്ദ്രം പൂർണമായും പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഏജൻസിവഴി നിർമ്മാണം നടത്തുന്നതിനാൽ കോർപ്പറേഷന് നേരിട്ട് ചെലവ് വരുന്നില്ല. കൂടാതെ കാത്തിരിപ്പ് കേന്ദ്രത്തിൽ സ്ഥാപിക്കുന്ന പരസ്യത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം കോർപ്പറേഷനും ലഭിക്കും.ചിന്നക്കട,ചവറ,കരുനാഗപ്പള്ളി തുടങ്ങി എറണാകുളം ഭാഗത്തേക്ക് പോകാൻ റെയിൽവേസ്റ്റേഷനിൽ നിന്നെത്തുന്നവർ ഉൾപ്പെടെ നൂറുക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്. കെ.എസ്.ആർ.ടി.സി ഓർ‌ഡിനറി, ഫാസ്റ്റ് പാസഞ്ചർ,സൂപ്പർഫാസ്റ്റ്,സ്വകാര്യബസുകൾക്കടക്കം ഇവിടെ സ്റ്റോപ്പുണ്ട്. കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ശോചനീയാവസ്ഥ ചൂണ്ടികാട്ടി നിരവധി തവണ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

 ഇരിപ്പിടവും മേൽക്കൂരയും നിർമ്മിക്കുന്ന ജോലികളാണ് നടക്കുന്നത്.

 ഫാൻ,ലൈറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉണ്ടാകും

 കാൽകുഴഞ്ഞാൽ ചാരിനിൽക്കണം

കാലപ്പഴക്കം കാരണം മേൽക്കൂര പൂ‌ർണമായും തകർന്നിരുന്നു. തൂണുകൾ ഒരുവശത്തേക്ക് ചരിഞ്ഞുനിൽക്കുന്ന നിലയിരുന്നു. മേൽക്കൂരയ്ക്ക് ഇട്ടിരിക്കുന്ന കമ്പികൾ ഏതു നിമിഷവും തകർന്ന് തലയിൽ വീഴുമെന്ന് ഭയന്നാണ് ആളുകൾ ഇവിടെ നിന്നിരുന്നത്. ഇരിപ്പിടം ഇല്ലാത്തതിനാൽ കാൽ കുഴഞ്ഞാൽ തൂണി​​ൽ ചാരി​ നി​ന്നാണ് ആശ്വാസം കണ്ടെത്തിയിരുന്നത്. ബസിനായി ചിലസമയങ്ങളിൽ മണിക്കൂറോളം നി​ൽക്കേണ്ട അവസ്ഥയും ഉണ്ടായിരുന്നു.