വിദ്യാർത്ഥികളിൽ വളർന്ന് വയലൻസ് ട്രെൻഡ്
കലഞ്ഞൂർ: ഇക്കിളിയിട്ടതിന്റെ പേരിലുണ്ടായ തർക്കത്തിനിടെ കലഞ്ഞൂരിൽ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് സഹപാഠിയുടെ മുക്കിടിച്ച് തകർത്തത് അതിവേഗം വളരുന്ന വയലൻസ് ട്രെൻഡെന്ന് നിരീക്ഷണം. നിസാരകാര്യങ്ങൾക്ക് പോലും പ്രതികാര ബുദ്ധിയോടെയാണ് പുതിയ തലമുറ പ്രതികരിക്കുന്നത്.
മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ മൂക്കിന് സാരമായി പരിക്കേറ്റിട്ടുണ്ട്. മറ്റ് സഹപാഠികൾ പിടിച്ചുമാറ്റിയില്ലായിരുന്നെങ്കിൽ രംഗത്തിന്റെ തീവ്രത വർദ്ധിക്കുമായിരുന്നു. മർദ്ദനമേറ്റ കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ ആദ്യം പൊലീസ് കേസെടുത്തിരുന്നില്ല. രക്ഷിതാക്കൾ തമ്മിൽ സംസാരിച്ച് വിഷയം രമ്യതയിൽ പരിഹരിക്കാൻ ഇടപെടൽ നടന്നെങ്കിലും മറ്റ് ചില രക്ഷിതാക്കൾ നിലപാട് കടുപ്പിച്ചതോടെ കേസെടുക്കണമെന്ന തീരുമാനത്തിലേക്ക് എത്തിക്കുകയായിരുന്നു.
അടുത്തകാലത്ത് പുറത്തിറങ്ങിയ മലയാള സിനിമകൾ പുതിയ തലമുറയിൽ സൃഷ്ടിക്കുന്ന വയലൻസ് അതിപ്രസരം ചെറുതല്ല. സഹപാഠിയെ സംഘം ചേർന്ന് മർദ്ദിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത സ്‌കൂളുകളിൽ വർദ്ധിച്ചിട്ടുണ്ട്.
പരിക്കേറ്റ വിദ്യാർത്ഥിയുടെ മൂക്ക് വളഞ്ഞിരിക്കുകയാണ്. പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മൂക്കിലിടിക്കുകയും ചവിട്ടുകയും കഴുത്തിലും വയറ്റിലുമൊക്കെ മർദ്ദനമേറ്റുവെന്നുമാണ് വിദ്യാർത്ഥിയുടെ മൊഴി. കണ്ണിന്റെ ഭാഗത്തെ ഞരമ്പിനും ക്ഷതമേറ്റിട്ടുണ്ട്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
വഴി തെറ്റിക്കാൻ സിനിമയും
സിനിമാ രംഗങ്ങളുടെ സ്വാധീനം ആക്രമണോത്സുകത വർദ്ധിപ്പിക്കുന്നു
സഹപാഠികളുടെ മുന്നിൽ വീരപരിവേഷം ലഭിക്കുമെന്ന് തോന്നൽ
സാമൂഹിക ബന്ധങ്ങൾ കുറഞ്ഞു
ലഹരിയുടെ സ്വാധീനം
കുടുംബാന്തരീക്ഷത്തിലെ പ്രശ്നങ്ങൾ
സോഷ്യൽ മീഡിയ റീച്ച്
കലഞ്ഞൂർ സംഭവത്തിൽ സസ്‌പെൻഷനും നിയമ നടപടികൾക്കും അപ്പുറം പ്രതികളായ വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് ലഭ്യമാക്കി തെറ്റ് മനസിലാക്കി തിരുത്താൻ അവസരം നൽകണം.
മാനസികാരോഗ്യ വിദഗ്ദ്ധർ