നഗരത്തിൽ രണ്ടിടങ്ങളിൽ മൂന്ന് തവണ തീപിടിത്തം

Monday 09 February 2026 12:05 AM IST

പത്തനംതിട്ട: വേനൽ കടുത്തതോടെ ജില്ലയിൽ തീപിടിത്തങ്ങൾ തുടച്ചയാകുന്നു. ഇന്നലെ നഗരത്തിൽ രണ്ടിടങ്ങളിലായ് മൂന്ന് തവണ തീപിടിച്ചു. നഗരത്തിലെ 33-ാം വാർഡിൽ കൊന്നമൂട് കുരിലയം ഓർത്തഡോക്സ് പള്ളിക്ക് സമീപം ആറ് ഏക്കറോളം ഭൂമിയിലെ അടിക്കാടാണ് രണ്ടുതവണ കത്തിയത്. ഇന്നലെ രാവിലെ 10.30നും ഉച്ചയ്ക്ക് 2 നുമായിരുന്നു തീപിടിത്തം.

രാവിലത്തെ തീപിടിത്തത്തിൽ പത്തനംതിട്ട അഗ്നിശമന സേന തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടർന്നു. തുടർന്ന് കോന്നി, റാന്നി എന്നിവിടങ്ങളിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേനകൾ കൂടി എത്തി രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇവർ മടങ്ങിയശേഷം ഉച്ചയ്ക്ക് രണ്ടോടെ ഇതേസ്ഥലത്ത് വീണ്ടും തീ പിടിച്ചു. ഇതോടെ പ്രദേശവാസികളിൽ കൂടുതൽ പരിഭ്രാന്തരായി. പത്തനംതിട്ട അഗ്നിശമന സേനാംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി.

കൊന്നമൂട്ടിൽ സാമൂഹ്യവിരുദ്ധർ കാടിന് തീയിട്ടതാകാമെന്ന് സംശയിക്കുന്നു. സേനയുടെ സമയോചിതമായ ഇടപെടലാണ് തീ കൂടുതൽ പ്രദേശത്തേക്ക് പടരുന്നത് തടഞ്ഞത്. കൊന്നമൂട് കോലിപ്പാട് റോയ്, കാഞ്ഞിരപ്പള്ളി സ്വദേശി ഷാജഹാൻ ഇവരുടെ പറമ്പിലാണ് തീപിടിത്തം ഉണ്ടായത്. സംഭവമറിഞ്ഞ് നഗരസഭാ ചെയർപേഴ്സൺ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ പ്രദേശത്ത് എത്തിയിരുന്നു. വൈകിട്ട് 5നാണ് നഗരത്തിലെ മൂന്നാമത്തെ തീപിടിത്തം. പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ പെട്രോൾ പമ്പിന് സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് തീ പിടിച്ചത്. പത്തംതിട്ട അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.