കൂണുപോലെ വ്യാജ സ്പാകൾ കൊച്ചിയിലും

Sunday 08 February 2026 11:10 PM IST

കൊച്ചി: കൊച്ചിയിൽ കൂണുപോലെ മുളച്ചുപൊന്തുകയാണ് അനധികൃത തിരുമ്മുകേന്ദ്രങ്ങൾ. പൊലീസ് പരിശോധനകൾ ഇല്ലാത്തത് മുതലെടുത്താണ് പ്രവർത്തനം. തിരുമ്മലിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്ന ഇത്തരം സ്പാകളെ ചുറ്റിപ്പറ്റിയുള്ള കേസുകളും വർദ്ധിച്ചുവരുന്നു.

കൊവിഡിന്റെ മറപറ്റിയായിരുന്നു ജില്ലയിൽ വ്യാപകമായി അനധികൃത തിരുമ്മുകേന്ദ്രങ്ങൾ ഉയർന്നത്. നഗരത്തിൽ മാത്രം നൂറിലധികം കേന്ദ്രങ്ങളുണ്ടെന്നായിരുന്നു റിപ്പോർട്ട്. പരാതി വ്യാപകമായതോടെ 2014ൽ പൊലീസ് മിന്നൽ പരിശോധന നടത്തി വ്യാജ സ്പാകളെ കെട്ടുകെട്ടിച്ചതാണ്. മാസങ്ങളോളം അടച്ചിട്ട സ്ഥാപനങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിക്കുകയാണിപ്പോൾ.

മണിക്കൂറിന് 1,500 രൂപ മുതൽ

ആകർഷകമായ പേരുകളും പരസ്യബോർഡുകളും സ്ഥാപിച്ചാണ് ഇവർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ബ്യൂട്ടിപാർലർ ലൈസൻസുകൾ ദുരുപയോഗം ചെയ്ത് പ്രവർത്തിക്കുന്ന സ്പാകളിൽ തിരുമ്മൽ ജോലിക്കായി ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെ യുവതികളെ എത്തിക്കുന്നു. മണിക്കൂറിന് 1,500 രൂപ മുതൽ ഈ കേന്ദ്രങ്ങൾ ഈടാക്കുന്നു. സൗകര്യങ്ങളും ആഡംബരവും വർദ്ധിക്കുന്നതനുസരിച്ച് നിരക്കിലും മാറ്റമുണ്ടാകും.

പല സ്പാകളുടെയും നടത്തിപ്പിനും ജീവനക്കാർക്കും സംരക്ഷണമൊരുക്കുന്നതെല്ലാം കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടകളാണ്. 2024ൽ സ്പായുടെ മറവിൽ പെൺവാണിഭം നടത്തിയ കേസിൽ ഗുണ്ടാത്തലവൻ ഭായി നസീറിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപന നടത്തിപ്പിന് ഇയാളാണ് സംരക്ഷണം നൽകിയിരുന്നത്.

പൊലീസുകാർക്കും ബന്ധം

അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള പെൺകുട്ടികളെ ജോലി നൽകാമെന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുവന്നാണ് പഴയ കതൃക്കടവ് റോഡിലെ ഓൾഗ ഹോംസ്‌റ്റേ എന്ന സ്ഥാപനത്തിൽ പെൺവാണിഭം നടത്തിയിരുന്നത്.

അനധികൃത സ്പാകളുടെ നടത്തിപ്പുകാരുമായി ചില പൊലീസുകാർക്കും ബന്ധമുണ്ടെന്നാണ് രഹസ്യവിവരം. 2025ൽ കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിലായ കേസിൽ സ്പാ നടത്തിപ്പിൽ നിന്നുള്ള വരുമാനം പോയിരുന്നത് രണ്ടു പൊലീസുകാരുടെ അക്കൗണ്ടുകളിലേക്കായിരുന്നു. ലക്ഷങ്ങളായിരുന്നു ഇത്തരത്തിൽ അക്കൗണ്ടിലെത്തിയത്. ഇവരെ പിന്നീട് സസ്‌പെൻഡ് ചെയ്തിരുന്നു. പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയും സ്പായുമായി ബന്ധപ്പെട്ട കേസിലാണ് സസ്‌പെൻഡിലായത്. സ്പായിൽ ബോഡി മസാജിങ്ങിംഗ് പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് എ.ആർ ക്യാമ്പിലെ സി.പി.ഒയിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തതെന്നായിരുന്നു കേസ്.

 16 കേന്ദ്രം

2024ൽ പൊലീസ് നടത്തിയ മിന്നൽപരിശോധനയിൽ 16 തിരുമ്മൽ കേന്ദ്രങ്ങൾ പൂട്ടിച്ചിരുന്നു. ആകെ 81 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. പൂട്ടിച്ച സ്ഥാപനങ്ങളോട് ലൈസൻസ് ഹാജരാക്കാൻ നിർദ്ദേശം നൽകിയെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല.

സ്ത്രീകൾ മാത്രം

സ്ഥാപനത്തിന്റെ നടത്തിപ്പിന് പിന്നിൽ പുരുഷന്മാരാണെങ്കിലും ഇടപാടുകളെല്ലാം നിയന്ത്രിക്കുന്നത് സ്ത്രീകളാണ്. സംഘത്തിൽ മലയാളികളും ഉത്തരേന്ത്യക്കാരുമുണ്ട്. ഫോണിൽ മലയാളികളാണ് സ്പായെക്കുറിച്ചും ഫീസുകളെക്കുറിച്ചും വിവരങ്ങൾ നൽകുന്നത്. കൂടുതൽ പേരും ഒന്നിലധികം കേന്ദ്രങ്ങൾ നടത്തുന്നവരാണ്.