സ്വർണക്കൊള്ള വിവാദം തിരഞ്ഞെടുപ്പോടെ തീരും: വെള്ളാപ്പള്ളി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സ്വർണവും കൊള്ളയും അയ്യപ്പനുമൊന്നും ചർച്ചകളിലുണ്ടാകില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്വർണക്കൊള്ളക്കേസ് തിരഞ്ഞെടുപ്പിൽ വലിയ ചലനമുണ്ടാക്കാനിടയില്ല. സ്വർണക്കൊള്ളയിൽ രാഷ്ട്രീയപ്പാർട്ടികളെ കുറ്റപ്പെടുത്തേണ്ടതില്ല. ഇരു മുന്നണികളിലെയും നേതാക്കൾ വ്യക്തിപരമായി തന്ത്രിയെയും മറ്റും ബന്ധപ്പെട്ടിട്ടുണ്ടാകാം. മൂന്നാമതും പിണറായി സർക്കാർ അധികാരത്തിലെത്തുമെന്നാണ് അഭിപ്രായം. സ്ഥാനാർത്ഥി നിർണയത്തിന് ശേഷമേ കൃത്യമായ ചിത്രം ഉരുത്തിരിയൂ. ബി.ജെ.പിക്ക് വോട്ട് അധികം കിട്ടും. രാജീവ് ചന്ദ്രശേഖർ പ്രസിഡന്റായ ശേഷം സംസ്ഥാനത്ത് ആ പാർട്ടിയിൽ വലിയ മാറ്റങ്ങളുണ്ട്.തന്റെ സമുദായത്തിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. വിശ്വാസമുള്ളിടത്ത് അവർ വോട്ടു ചെയ്യും. യോഗത്തിന്റെ നിലപാട് സ്ഥാനാർത്ഥി നിർണയത്തിന് ശേഷം യോഗം ബോർഡ്, കൗൺസിൽ യോഗങ്ങളിലാണ് തീരുമാനിക്കുക. യോഗം - എൻ.എസ്.എസ് ഐക്യനീക്കത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല
ഇത്.
മമ്മൂട്ടിയുടെ
പദ്മഭൂഷണല്ല
തനിക്കും മമ്മൂട്ടിക്കും കിട്ടിയ പദ്മഭൂഷൺ പുരസ്കാരങ്ങൾ തമ്മിൽ വ്യത്യാസമുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അഭിനയ
മികവിനാണ് മമ്മൂട്ടിക്ക് കിട്ടിയ അംഗീകാരം. തനിക്ക് കിട്ടിയത് കൂട്ടായ പ്രവർത്തനത്തിനും മൈക്രോ ഫിനാൻസ് ഉൾപ്പെടെയുള്ള സാമ്പത്തിക പദ്ധതികൾ വിജയകരമായി നടപ്പാക്കിയതിനുമാണ്. അത് സമുദായത്തിനും യോഗം പ്രവർത്തകർക്കും കിട്ടിയ ബഹുമതിയാണ്. 25 വർഷം മുമ്പ് ധനലക്ഷ്മി ബാങ്ക് അനുവദിച്ച 100 കോടി രൂപയുടെ
മൈക്രോ ഫിനാൻസ് പദ്ധതി ഇന്ന് ചരിത്രമാണ്. 75000 കുടുംബ യൂണിറ്റുകളിലൂടെ സഹസ്ര കോടികളുടെ വിനിമയമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.