കേന്ദ്ര നിർദ്ദേശം തള്ളി നെല്ല് സംഭരണം: പ്രോത്സാഹനം തുടരും

Monday 09 February 2026 12:27 AM IST

വിഷയം രാഷ്ട്രീയ ആയുധമാക്കാൻ എൽ.ഡി.എഫ്

തിരുവനന്തപുരം: നെൽകർഷകർക്ക് അധിക ബോണസ് നൽകേണ്ടെന്ന കേന്ദ്ര റിപ്പോർട്ട് തള്ളി സംസ്ഥാനം.

നെല്ലുത്പാദനം ആവശ്യത്തിലധികമായതിനാൽ സംഭരണച്ചെലവ് പൊതുഖജനാവിന് ബാദ്ധ്യതയാകുമെന്നാണ് കേന്ദ്ര ധനകാര്യ എക്സ്‌പെൻഡിച്ചർ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചത്. കേരളം നെല്ലിന് നൽകുന്ന അധിക പ്രോത്സാഹന ബോണസ് നിറുത്തലാക്കി പകരം പയർ, ചെറുധാന്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കൃഷിക്ക് പ്രോത്സാഹനം നൽകണമെന്നാണ് കേന്ദ്ര നിർദ്ദേശം.

എന്നാൽ, പ്രോത്സാഹന ബോണസ് തുടരുമെന്ന് കേന്ദ്രത്തിന് സംസ്ഥാനം ഔദ്യോഗികമായി മറുപടി നൽകും.

കൃഷിവകുപ്പ് സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്നതാണ്. അതിനാൽ,കർഷകർക്ക് ബോണസ് നൽകുന്നത് നിറുത്തലാക്കണമെന്ന് പറയാൻ കേന്ദ്രത്തിന് അധികാരമില്ലെന്നാണ് സംസ്ഥാനത്തിന്റെ വാദം.

തിരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തിൽ കേന്ദ്രനീക്കത്തിനെതിരെയുള്ള തീരുമാനം എൽ.‌ഡ‌ി.എഫ് രാഷ്ട്രീയമായും ഉപയോഗിക്കും. നിയമസഭയിൽ ചോദ്യത്തര വേളയിൽ വിഷയം ഉന്നയിക്കപ്പെടുമായിരുന്ന അഞ്ചിന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത് കർഷകരോടുള്ള അവഗണനയാണ് വ്യക്തമാക്കുന്നതെന്ന് കൃഷി മന്ത്രി പി.പ്രസാദ് ആരോപിച്ചിരുന്നു.

താങ്ങുവിലയും പ്രോത്സാഹന ബോണസും

കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് സംസ്‌കരിച്ച് റേഷൻ ഗുണഭോക്താക്കൾക്ക് നൽകുന്നതാണ് സംഭരണ പദ്ധതി. നെല്ലിന്റെ താങ്ങുവില നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരാണ്. കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള താങ്ങുവില അപര്യാപ്തമാണെന്ന പരാതിയെത്തുടർന്നാണ് കേരളം പ്രോത്സാഹന ബോണസ് കൂടി നൽകുന്നത്.

ഇപ്പോൾ താങ്ങുവില കിലോഗ്രാമിന് ₹30

കർഷകർക്ക് നെല്ലിന് കിലോഗ്രാമിന് 30 രൂപ ലഭിക്കും

ഇതിൽ കേന്ദ്ര വിഹിതം ₹23.69

സംസ്ഥാന പ്രോത്സാഹനം ₹6.31

പ്രോത്സാഹന ബോണസ് വിതരണം

2021- 22ൽ ₹ 643.63 കോടി

2022- 23ൽ ₹570.32 കോടി

2023- 24ൽ ₹356.31 കോടി

2024- 25ൽ ₹301.82 കോടി

''കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനമാണ് ഇപ്പോൾ പുറത്തുന്നു വന്നിരിക്കുന്നത്'

'- പി.പ്രസാദ്, കൃഷിമന്ത്രി

''ബോണസ് നൽകുന്നത് തുടരും. ഉത്പാദനച്ചെലവിന്റെ ഒന്നര മടങ്ങെങ്കിലും താങ്ങുവില നൽകണമെന്ന സ്വാമിനാഥൻ കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം ബോണസ് നൽകുന്നത്.''

- ജി.ആർ.അനിൽ, ഭക്ഷ്യമന്ത്രി