ഓപ്പൺ യൂണി. സ്പോർട്സ് മീറ്റ് ലോഗോ പ്രകാശനം

Monday 09 February 2026 12:30 AM IST

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സ്പോർട്സ് മീറ്റിന്റെ ലോഗോ മന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്തു. കൊട്ടാരക്കരയിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ.ഡോ.വി.പി.ജഗതിരാജ്, സിൻഡിക്കേറ്റ് അംഗങ്ങളായ വി.പി.പ്രശാന്ത്, ഡോ.എം.ജയപ്രകാശ് എന്നിവർ സംസാരിച്ചു.

നാളെ തൃശൂർ അക്വാട്ടിക് കോംപ്ളക്സിൽ നീന്തൽ മത്സരങ്ങളോടെ തുടക്കമാകും. 17ന് തൃശൂർ സായി സ്പോർട്സ് സെന്ററിൽ വോളിബോൾ മത്സരങ്ങളും മാർച്ച് 22, 23 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ അത്‌ലറ്റിക് മത്സരങ്ങളും 24,25 തീയതികളിൽ ഫുട്ബോൾ മത്സരങ്ങളും നടക്കും. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടുന്നവർക്ക് സർവകലാശാല നിയമപ്രകാരമുള്ള ഗ്രേസ് മാർ‌ക്ക് ലഭിക്കും.

ഇന്റർ യൂണിവേഴ്സിറ്റി സ്പോർട്സ് മത്സരങ്ങളിൽ ഓപ്പൺ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും അവസരം ലഭിക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റീജിയണൽ സെന്ററിനും പഠനകേന്ദ്രത്തിനും ഓവറോൾ കിരീടങ്ങൾ നൽകും. യൂണിവേഴ്സിറ്റിയുടെ കീഴിൽ വിവിധ പ്രായത്തിലുള്ള രണ്ടായിരത്തിലധികം പേർ മത്സരങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ലോഗോ വരച്ചത് പഠിതാവ്

ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വയനാട് എൻ.എം.എസ്.എം പഠനകേന്ദ്രത്തിലെ എം.എ മലയാളം വിദ്യാർത്ഥി കെ. വിപിൻ തയ്യാറാക്കിയ ലോഗോയാണ് സ്പോർട്സ് മീറ്റിന് ഉപയോഗിക്കുന്നത്. 5000 രൂപ കാഷ് പ്രൈസ് നൽകും. 320 എൻട്രികൾ ലഭിച്ചിരുന്നു.