കത്തിക്കയറി ആരോപണങ്ങൾ: അങ്കലാപ്പിൽ മുന്നണികൾ

Monday 09 February 2026 12:00 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം ലക്ഷ്യം വച്ചുള്ള മുന്നൊരുക്കങ്ങൾക്കിടെ,പുതിയ ആരോപണങ്ങളും വെളിപ്പെടുത്തലുകളും എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും കുഴയ്ക്കുന്നു.ആന്റോ ആന്റണി എം.പിക്കെതിരെ ധനകാര്യ സ്ഥാപന ഉടമ നടത്തിയ വെളിപ്പെടുത്തൽ യു.ഡി.എഫിന് ക്ഷീണമാണ്. മന്ത്രി കെ.ബി.ഗണേശ് കുമാറിനെതിരെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം നടത്തിയ വെളിപ്പെടുത്തൽ എൽ.ഡി.എഫിന് തലവേദനയായി. ചെളി ഉരുട്ടി പരസ്പരം എറിയുകയേ രണ്ട് കൂട്ടർക്കും രക്ഷയുള്ളു.

ശബരിമല കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ രണ്ടാമത്തെ ചിത്രം പുറത്തു വന്നു. ഡിഗ്രിക്ക് റാങ്ക് കിട്ടിയ പോറ്റിയുടെ ബന്ധുവായ പെൺകുട്ടിക്ക് കടകംപള്ളി ഉപഹാരം നൽകുന്ന ചിത്രമാണിത്. ഒരു തവണ മാത്രമാണ് പോറ്റിയുടെ വീട്ടിൽ പോയതെന്ന കടകംപള്ളിയുടെ വാദമാണ് പൊളിഞ്ഞത്. അദ്ദേഹത്തെ എസ്.ഐ.ടി വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന സൂചനകളും വരുന്നുണ്ട്. ചാണ്ടി ഉമ്മൻ കുറെ ദിവസങ്ങൾക്ക് മുമ്പ് തുടങ്ങിയ ആക്രമണത്തിന് പിന്നാലെയാണ് ,ഗണേശ് കുമാറിനെ മുൻ പേഴ്സണൽ സ്റ്റാഫംഗം വെട്ടിലാക്കിയത്. ഗണേശ് കുമാർ സി.പി.എമ്മിന് ബാദ്ധ്യതയല്ലെങ്കിലും ആരോപണം കടുത്താൽ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന് പരിച തീർക്കാനുള്ള ഉത്തരവാദിത്തമുണ്ട്.

ഘടകകക്ഷികളുമായുള്ള ചർച്ച , സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങി പ്രധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ ഇന്നലെ ചോദ്യം ചെയ്യാൻ വിളിച്ചത് കോൺഗ്രസിനെയും അങ്കലാപ്പിലാക്കി. ശബരിമല വിഷയത്തിൽ നിന്ന് തടിതപ്പാനാണ് കോൺഗ്രസിനെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും മറ്റും ആവർത്തിക്കുമ്പോഴാണ് പാർട്ടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നൽകിയ രണ്ട് കോടി തിരികെ കിട്ടിയില്ലെന്ന നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എം.എൻ.രാജുവിന്റെ ആരോപണത്തിന് പിന്നാലെ, എം.പിയെ ഇ.ഡി ചോദ്യം ചെയ്യുമെന്ന സൂചനയുണ്ട്. ഇതിനും കോൺഗ്രസ് മറുപടി പറയേണ്ടി വരും. എൽ.ഡി.എഫിന്റെ രാഷ്ട്രീയ ആരോപണമാണ് ഇതെന്ന് പറഞ്ഞൊഴിയാനാവില്ല. പണം വാങ്ങിയെന്ന് ആന്റോ ആന്റണി സമ്മതിക്കുകയും ചെയ്തു.