ബിനോയ് വിശ്വത്തിന്റെ കുടുംബത്തിനെതിരെ വ്യാജ പ്രചാരണം; അഞ്ചൽ സ്വദേശിക്കെതിരെ സൈബർ സെല്ലിൽ പരാതി

Monday 09 February 2026 12:31 AM IST

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെയും കുടുംബാംഗങ്ങളുടെയും പൗരത്വത്തെക്കുറിച്ച് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ വ്യക്തിക്കെതിരെ നിയമ നടപടി. ബിനോയ് വിശ്വത്തിന്റെ ഭാര്യയ്ക്കും മക്കൾക്കും ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന തരത്തിൽ പോസ്റ്റിട്ട അഞ്ചൽ സ്വദേശിക്കെതിരെയാണ് ബിനോയ് വിശ്വം സൈബർ സെല്ലിൽ പരാതി നൽകിയത്.

ബിനോയ് വിശ്വത്തിന്റെ ഭാര്യ ഷൈല സി. ജോർജ് സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിൽ നിന്ന് ഉയർന്ന ഉദ്യോഗസ്ഥയായി വിരമിച്ച വ്യക്തിയും അറിയപ്പെടുന്ന എഴുത്തുകാരിയുമാണ്. മൂത്ത മകൾ രശ്മി ബിനോയ് പത്രപ്രവർത്തകയും നിലവിൽ പാരീസിലെ സയൻസസ് പി.ഒ. യൂണിവേഴ്സിറ്റിയിൽ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തെക്കുറിച്ച് പി.എച്ച്.ഡി ഗവേഷണം നടത്തുകയാണ്. രണ്ടാമത്തെ മകൾ സൂര്യ കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകയും ഗവൺമെന്റ് പ്ലീഡറുമാണ്. മൂവരും ഇന്ത്യൻ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരന്മാരാണെന്നിരിക്കെയാണ് വിദേശ പൗരത്വമുണ്ടെന്ന പേരിൽ വ്യാജ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.