സമസ്ത നൂറാം വാർഷിക സമാപനത്തിന് പതിനായിരങ്ങൾ

Monday 09 February 2026 12:41 AM IST

കാസർകോട്: ഞായറാഴ്ച എല്ലാ വഴികളും ഒരേ വഴിയിലേക്ക് നീങ്ങിയപ്പോൾ തൂവെള്ള സാഗരമായി കുണിയ . കേരളം,​ കർണ്ണാടകം,​ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ആളുകൾ ഒഴുകിയെത്തി. കുണിയ ദേശീയപാതയോട് ചേർന്ന് തയാറാക്കിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ഇന്നലെ വൈകുന്നേരമാണ് സമാപന സമ്മേളനം തുടങ്ങിയത്.

സമാപന പൊതുസമ്മേളനം ഈജിപ്തിലെ അൽ അസ്ഹർ ഇസ്ലാമിക് സർവ്വകലാശാല റെക്ടർ ഡോ. സലാമ അലി ദാവൂദ് ഉദ്‌ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് സയ്യിദ്മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ശതാബ്ദി അവാർഡ് ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, കർണ്ണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി, സമസ്ത വൈസ് പ്രസിഡന്റ് എം.പി കുഞ്ഞിമുഹമ്മദ് മുസ്ല്യാർ , ട്രഷറർ പി.പി ഉമ്മർ മുസ്ല്യാർ കൊയ്യോട്, കോട്ടുമല മൊയ്തീൻകുട്ടി മുസ്ല്യാർ, പ്രവാസി വ്യവസായി പി. മുഹമ്മദലി ഗൾഫാർ, എൻ.എ ഹാരിസ് , എം.എം ഹസ്സൻ, മണിശങ്കർ അയ്യർ, സൈനുൽ ആബിദീൻ, ഹമീദലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.