വിവാദ കുരുക്കിൽ ആന്റോ ആന്റണി , എസ്.ഐ.ടി ചോദ്യം ചെയ്യും, ഇ.ഡിയും അന്വേഷിച്ചേക്കും
പത്തനംതിട്ട: സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, ഫിനാൻസ് സ്ഥാപനവുമായി ബന്ധപ്പെട്ട രണ്ടു കോടിയുടെ ഇടപാടും ആന്റോ ആന്റണി എം.പിയെ കുരുക്കിലാക്കി. എസ്.ഐ.ടി ആന്റോ ആന്റണിയെ ഉടൻ ചോദ്യം ചെയ്യും. സാമ്പത്തിക ഇടപാട് ഇ.ഡിയും അന്വേഷിച്ചേക്കും.
സോണിയാഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത് ആന്റോയാണെന്ന് ആരോപണമുയർന്നിരുന്നു. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആന്റോ ആന്റണിയെയും എസ്.ഐ.ടി വിളിപ്പിക്കുന്നത്.
2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരുവല്ല ആസ്ഥാനമായ നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്ന് രണ്ടുകോടി വാങ്ങിയ ആന്റോ 20 ലക്ഷം മാത്രമാണ് തിരികെ നൽകിയതെന്ന് സ്ഥാപന ഉടമ എൻ.എം.രാജു വെളിപ്പെടുത്തിയിരുന്നു. ആന്റോ വാങ്ങിയത് കള്ളപ്പണമാണോയെന്ന് അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടു.
ആന്റോ ആന്റണിയുടെ ബംഗളൂരുവിലെ ഭൂമി ഇടപാടും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നാണ് സി.പി.എം നിലപാട്. രാജുവിൽ നിന്ന് പണം വാങ്ങിയെന്ന് സമ്മതിച്ച ആന്റോ ആന്റണി അത് എത്രയാണെന്നോ എത്രയാണ് തിരിച്ചുകൊടുത്തതെന്നോ വ്യക്തമാക്കിയിട്ടില്ല.
സ്വർണക്കൊള്ളക്കേസിൽ ആന്റോ ആന്റണിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മും ബി.ജെ.പിയും നേരത്തെ എം.പി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. രണ്ടുകോടിയുടെ ആരോപണം എം.പിക്കെതിരെ ഇവർക്ക് പുതിയ ആയുധമായി. അതേസമയം, തനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാതെ ആന്റോ ആന്റണി ഒഴിഞ്ഞുമാറി.
വിജിലൻസിന് പരാതി
ആന്റോ ആന്റണിയും രാജുവും തമ്മിലുള്ള സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ വിജിലൻസിന് പരാതി നൽകി. പണം കൊടുത്തെന്ന് രാജുവും വാങ്ങിയെന്ന് ആന്റോയും വ്യക്തമാക്കിയ സ്ഥിതിക്ക്, പണത്തിന്റെ സ്രോതസ് ഉൾപ്പെടെ അന്വേഷിക്കണമെന്നാണ് ആവശ്യം. പരാതി ലഭിച്ചതിനാൽ വിജിലൻസും ആന്റോ ആന്റണിയെ ചോദ്യം ചെയ്തേക്കും.