ഉത്തരവാദിത്ത ടൂറിസം മേഖലയുടെ നയരൂപീകരണ വേദിയായി ടൂറിസം മീറ്റ്
കോഴിക്കോട്: കേരളത്തിൻ്റെ ഉത്തരവാദിത്ത ടൂറിസം മേഖലയുടെ നയരൂപീകരണ വേദിയായി ബേപ്പൂര്‍ ആഗോള ഉത്തരവാദിത്ത ടൂറിസം മീറ്റ്. രണ്ട് ദിവസങ്ങളിലായി മലബാർ മറീന കൺവെൻഷൻ സെൻററിൽ നടന്ന മീറ്റിൻ്റെ രണ്ടാം ദിനത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രസന്റേഷന്‍, കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം വിജയ കഥകള്‍ പരിചയപ്പെടുത്തല്‍, സ്ത്രീ സൗഹൃദ ടൂറിസം, ഇന്‍ക്ലൂസീവ് ടൂറിസവും സുസ്ഥിര വികസനവും എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. ആദ്യദിനത്തില്‍ ഉത്തരവാദിത്ത ടൂറിസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. ഇന്ത്യയിലും വിദേശത്തുമുള്ള 20 പ്രഭാഷകര്‍ ഉള്‍പ്പെടെ 150 പ്രതിനിധികളാണ് പങ്കെടുത്തത്. കോണ്‍ഫറന്‍സിന്റെ ഭാഗമായി പദ്ധതി പ്രദേശത്തെ ആര്‍.ടി യൂണിറ്റ് സന്ദര്‍ശനങ്ങളും എക്സ്പീരിയന്‍സ് ടൂറിസം പാക്കേജുകളും ഒരുക്കിയിരുന്നു. ബേപ്പൂരിനെ സ്ത്രീ സൗഹൃദ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷനാക്കുകയെന്ന ലക്ഷ്യവും സമ്മേളനത്തിലൂടെ പ്രാവര്‍ത്തികമായി. ടൂറിസം ക്ലബ് അംഗങ്ങള്‍, കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയുടെ വുമണ്‍ ഫ്രണ്ട്‌ലി നെറ്റ്‌വര്‍ക്ക് അംഗങ്ങള്‍, ആര്‍.ടി യൂണിറ്റുകള്‍, സ്റ്റോറി ടെല്ലര്‍മാര്‍, കമ്യൂണിറ്റി ടൂര്‍ ഗൈഡുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സിംഗപ്പൂരിലെ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം ഡയറക്ടർ കെവിൻ ഫുൻ, അസോസിയേഷൻ ഫോർ കൺസർവേഷൻ ആൻഡ് ടൂറിസം കോ ഓർഡിനേറ്റർ ഓഷൻ ലെപ്ച, ഹിമാചൽ പ്രദേശ് ഹോം സ്‌റ്റേ നെറ്റ്വർക്ക് പ്രതിനിധി രേണു ശർമ, നേപ്പാൾ കമ്മ്യൂണിറ്റി ഹോംസ്റ്റേ പ്രതിനിധി പുഷ്പ താപ, അഡ്വഞ്ചർ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ്, കണ്ണൂർ സീഷെൽ ഹോംസ്റ്റേ പ്രതിനിധി ഇ.വി ഹാരിസ് എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വനിതാ-സൗഹൃദ ടൂറിസം നെറ്റ്‌വർക്ക്, കേരളത്തിലെ ഉത്തരവാദിത്വ ടൂറിസത്തിൽ ടൂറിസം വ്യവസായത്തിന്റെ പങ്ക്, വിജയകരമായ ടൂറിസം കേന്ദ്രം –ബേക്കൽ തുടങ്ങിയവയിൽ പ്രസൻ്റേഷനുകൾ ഉണ്ടായി.