മെഡിസെപ്പിൽ കണ്ണില്ലാത്ത ക്രൂരത: അന്ധത തടയാനുള്ള കുത്തിവയ്പ് ഇനിയില്ല

Monday 09 February 2026 1:23 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിൽ അന്ധത തടയാനുള്ള കുത്തിവയ്പിനുള്ള ആനുകൂല്യം ഇനി ലഭിക്കില്ല. പ്രായമായരെ ബാധിക്കുന്ന ഏജ് റിലേറ്റഡ് മാക്യുലർ ഡീജനറേഷൻ (എ.എം.ഡി) എന്ന രോഗത്തിനുള്ള കുത്തിവെയ്പ്പാണ് ഈ മാസം ഒന്നിന് പ്രാബല്യത്തിൽ വന്ന മെഡിസെപ് 2.0യിൽ നിന്ന് ഒഴിവാക്കിയത്. 50 വയസ് കഴിയുന്നവരിൽ കണ്ടുവരുന്ന എ.എം.ഡിയ്‌ക്ക് യഥാസമയം ഇൻട്രാവിട്രിയൽ കുത്തിവയ്പ്പെടുത്തില്ലെങ്കിൽ അന്ധതയ്ക്ക് കാരണമാകും.

മെഡിസെപ്പിന്റെ ഒന്നാംഘട്ടത്തിൽ 19,326 ക്ലൈമുകളിലായി 30 കോടി രൂപ അനുവദിച്ചിരുന്നു. മെഡിസെപ്പിലെ ചെലവേറിയ പത്ത് ചികിത്സയിൽ ഒന്നാണിത്. ക്ലൈയിം കുറയ്ക്കാൻ വേണ്ടി ഇൻഷ്വറൻസ് കമ്പനിയും സർക്കാരും പെൻഷൻകാരെ ബലിടാക്കിയെന്നാണ് ആക്ഷേപം.

ഒരു ഇൻട്രാവിട്രിയൽ കുത്തിവയ്പ്പിന് 16,500 രൂപ നൽകണം. എത്ര കുത്തിവെയ്പ്പ് വേണമെന്നത് രോഗിയുടെ അവസ്ഥയെ ആശ്രയിച്ചിരിക്കും. ഒന്നാം മെഡിസെപ്പിൽ ഒരു വർഷം ആറ് കുത്തിവയ്പിനുവരെ ക്ളെയിം അനുവദിച്ചിരുന്നു. ഇത്തരത്തിൽ 99,000 രൂപയുടെ ആനുകൂല്യമാണ് ലഭിച്ചിരുന്നത്.

രോഗ കാരണങ്ങൾ

 പ്രായം

 പുകവലി

 ഉയർന്ന രക്തസമ്മർദ്ദം

 പ്രമേഹം

18.51%:

കേരളത്തിൽ

രോഗബാധിതർ

കൈയൊഴിഞ്ഞത് മെഡിസെപ് മാത്രം!

കേന്ദ്ര ജീവനക്കാരുടെ പെൻഷൻ പദ്ധതിയായ സി.ജി.എച്ച്.എസ്, വിരമിച്ച പട്ടാളക്കാർക്കുള്ള ഇ.സി.എച്ച്.എസ് എന്നിവയ്ക്കു പുറമേ വി.എസ്.എസ്.സി ജീവനക്കാർക്കുള്ള പെൻഷൻ പദ്ധതി, സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളുടെ പോളിസി തുടങ്ങിയവയിലും ഈ ചികിത്സ ഉറപ്പാക്കുമ്പോഴാണ് മെഡിസെപ് കൈയൊഴിഞ്ഞത്.

ഇരുട്ടിലേക്ക് തള്ളിവിടും

 കണ്ണിന്റെ പിന്നിലുള്ള റെറ്റിനയുടെ ഭാഗത്തെ മാക്യുല കേടാകുന്നതാണ് എ.എം.ഡി.

 മാക്യുലയാണ് വായിക്കാനും, മുഖം തിരിച്ചറിയാനും നേരെ മുന്നിലുള്ള വസ്തുക്കൾ വ്യക്തമായി കാണാനും സഹായിക്കുന്നത്.

മെഡിസെപ്പിൽ സുതാര്യത ഉറപ്പാക്കാൻ സർക്കാർ മുന്നോട്ട്‌വയ്ക്കുന്ന നിർദ്ദേശങ്ങളെല്ലാം അംഗീകരിക്കാൻ ആശുപത്രികൾ തയ്യാരാണ്. കൂടിയാലോചനയില്ലാതെ സുപ്രധാനമായ ചികിത്സ നിഷേധിച്ചത്.

-ഡോ.ദേവിൻ പ്രഭാകർ

നേത്രരോഗവിദഗ്ദ്ധൻ, സംസ്ഥാന പ്രസിഡന്റ്

ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (ക്യു.പി.എം.പി.എ)