മതഭ്രാന്തിനോട് സന്ധി ചെയ്യരുത്: തിയഡോഷ്യസ് മെത്രാപ്പൊലീത്ത
മാരാമൺ (കോഴഞ്ചേരി): മതഭ്രാന്തിനോടും വർഗീയതയോടും സന്ധിചെയ്യാത്ത ധാർമ്മിക രാഷ്ട്രീയം ക്രൈസ്തവ സമൂഹം ഉയർത്തിപ്പിടിക്കണമെന്ന് മലങ്കര മാർത്തോമ്മ സുറിയാനി സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത പറഞ്ഞു. 131-ാമത് മാരാമൺ കൺവെൻഷൻ പമ്പാ മണപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മതന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനങ്ങൾ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. ബഹുസ്വരതയുടെ നിഷേധം, പൗരത്വത്തിന്റെ ചോദ്യം ചെയ്യൽ, ജനാധിപത്യം ദുർബലമാകുന്ന പ്രവണതകൾ തുടങ്ങിയവ ഗുരുതരമാണ്. രാജ്യം ഏകാധിപത്യത്തിലേക്ക് വഴിമാറരുത്. ന്യൂനപക്ഷ ക്രിസ്ത്യൻ സംവരണം ആറ് ശതമാനമായി വർദ്ധിപ്പിക്കാനും ദളിത് ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനും ശുപാർശ ചെയ്യുന്ന ജസ്റ്റിസ് ജെ.ബി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണം.
കോർപ്പറേറ്റുകൾ രാഷ്ട്രീയവും തിരഞ്ഞെടുപ്പും നിയന്ത്രിക്കുന്ന സാഹചര്യം ജനാധിപത്യത്തിന് ഭീഷണിയാണ്. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും സാമൂഹ്യമാദ്ധ്യമങ്ങൾ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും ഗൗരവമായി കാണണം. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിലേക്ക് കൂടുതൽപേർ കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
മാർത്തോമ്മ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പാ അദ്ധ്യക്ഷനായി. മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഫ്രാൻസിസ് ജോർജ്, മുൻ മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പന്തളം സുധാകരൻ, മാത്യു.ടി.തോമസ്, എം.എൽ.എമാരായ പ്രമോദ് നാരായണൻ, ജനീഷ് കുമാർ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രൊഫ. പി.ജെ.കുര്യൻ, സതീഷ് കൊച്ചുപറമ്പിൽ, രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി തുടങ്ങിയവർ പങ്കെടുത്തു.