മൈക്ക് സെറ്റ് ജീവനക്കാരൻ ഷോക്കേറ്റു മരി​ച്ചു

Monday 09 February 2026 12:36 AM IST

കൊല്ലം: പുത്തൂരിൽ ക്ഷേത്ര ഉത്സവത്തിനായി ലൈറ്റ് ആൻഡ് സൗണ്ട് ജോലികൾക്കിടെ ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ആനയടി ചെറുകുന്നം സുജിത്ത് നിവാസിൽ സുജിത്താണ് (37) മരിച്ചത്. ഇന്നലെ വൈകിട്ട് 4.30ന് ആണ് സംഭവം. പുത്തൂർ ചേരിയിൽ ദേവീക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സൗണ്ട് സിസ്റ്റം പ്രവർത്തിപ്പിക്കാൻ സബ് കരാർ ഏറ്റെടുത്ത അടൂർ ടീമിന്റെ ജീവനക്കാരനാണ് സുജിത്ത്. കേബിൾ കെട്ടുന്നതിനായി ആലയ്ക്കൽ- ഇടയാടി റോഡിലെ വൈദ്യുത പോസ്റ്റിൽ കയറിയപ്പോഴാണ് ഷോക്കടിച്ചത്. തെറിച്ചുവീണ സുജിത്തിനെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. തെരുവ് വിളക്ക് പ്രകാശിപ്പിക്കാൻ പോസ്റ്റിൽ നിന്നു താഴേക്ക് ഇട്ടിരുന്ന കേബിളുകളിൽ ചവിട്ടിയതാകും അപകട കാരണമെന്നാണ് കരുതുന്നത്. പുത്തൂർ പൊലീസ് കേസെടുത്തു.