വ്യാജ ലിസ്റ്റിൽ സ്ഥാനാർത്ഥിയായി മൂന്നുപേർ നിലമ്പൂർ സീറ്റിന് പിടിവലി ഉയർന്നേക്കും
മലപ്പുറം: കോഴിക്കോട്ടെ തിരുവമ്പാടി സീറ്റ് വിട്ടുനൽകുന്നതിൽ മുസ്ലിം ലീഗ് നേതൃത്വം മനസ്സ് തുറക്കാത്ത പശ്ചാത്തലത്തിൽ നിലമ്പൂരിലെ സ്ഥാനാർത്ഥി നിർണ്ണയം കോൺഗ്രസിന് തലവേദനയായേക്കും. എ.ഐ.സി.സിയുടേത് എന്ന പേരിൽ കഴിഞ്ഞ ദിവസം മുതൽ പ്രചരിക്കുന്ന പട്ടികയിൽ നിലമ്പൂരിൽ സീറ്റിനായി മൂന്നുപേർ രംഗത്തുണ്ട്. സിറ്റിംഗ് എം.എൽ.എ ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. അജ്മൽ എന്നിവരുടെ പേരാണ് ഇതിലുള്ളത്. ലിസ്റ്റ് വ്യാജമാണെന്ന് കെ.പി.സി.സി വ്യക്തമാക്കുമ്പോഴും പാർട്ടിക്കുള്ളിൽ സീറ്റിനായുള്ള വടംവലിയുടെ പ്രതിഫലനമാണ് ഇത്തരമൊരു ലിസ്റ്റ് പുറത്തുവരാൻ കാരണമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇക്കാര്യത്തിൽ കെ.പി.സി.സി ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നിലമ്പൂരിൽ സിറ്റിംഗ് എം.എൽ.എ ആര്യാടൻ ഷൗക്കത്ത് എതിർപ്പില്ലാതെ വീണ്ടും മത്സരിക്കുമെന്ന പ്രചാരണങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യം കൂടി നിലമ്പൂർ സീറ്റിനായുള്ള സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. ഇടതുസ്വതന്ത്രനായ പി.വി. അൻവർ രാജിവച്ചതിലൂടെ വന്ന ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്താണ് മത്സരിച്ചത്. ജോയിയുടെ പേര് കൂടി സ്ഥാനാർത്ഥിയായി ഉയർന്നത് കോൺഗ്രസിനുള്ളിൽ അസ്വാരസ്യങ്ങൾക്ക് വഴിവച്ചിരുന്നു. എം.എൽ.എ സ്ഥാനം രാജിവച്ച പി.വി.അൻവർ ഈ ആവശ്യമുന്നയിച്ച് പരസ്യമായി രംഗത്തുവന്നതോടെ വിവാദം കൂടുതൽ കത്തുകയും ചെയ്തു. സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കം മൂലമുള്ള വോട്ട് ചോർച്ചയാണ് തുടർച്ചയായി രണ്ടുതവണയും പി.വി.അൻവറിന്റെ വിജയത്തിന് വഴിയൊരുക്കിയതെന്ന ആക്ഷേപം ശക്തമാണ്. നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണം ആവർത്തിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം.
സംസ്ഥാന നേതാവിന്റെ പരിവേഷം കൂടിയുള്ള ജോയിയെ തിരുവമ്പാടിയിൽ മത്സരിപ്പിച്ചാൽ വിജയം ഉറപ്പാണെന്ന കണക്കുകൂട്ടലിൽ ഈ സീറ്റിന് വേണ്ടിയുള്ള ശ്രമങ്ങളിലായിരുന്നു കോൺഗ്രസ് നേതൃത്വം. ലീഗ് നേതൃത്വം ഇതിന് വഴങ്ങാത്തതാണ് നിലവിലെ പ്രതിസന്ധി. തിരുവമ്പാടിക്ക് പകരം പാലക്കാട്ടെ പട്ടാമ്പിയാണ് ലീഗ് ആവശ്യപ്പെടുന്നത്. പട്ടാമ്പി വിട്ടുനൽകരുതെന്ന ആവശ്യം പ്രാദേശിക നേതൃത്വം ശക്തമാക്കിയിട്ടുണ്ട്. തവനൂരിൽ ജോയിയെ മത്സരിപ്പിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോഴും വിഭാഗീയത വെല്ലുവിളിയായേക്കും. തവനൂർ സീറ്റിനായി മണ്ഡലത്തിൽ നിന്ന് തന്നെയുള്ള നേതാക്കൾ സമ്മർദ്ദവുമായി രംഗത്തുണ്ട്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികകാലമാവും മുമ്പേ തന്നെ നിയമസഭ തിരഞ്ഞെടുപ്പ് വരുന്നതിനാൽ ആര്യാടൻ ഷൗക്കത്ത് രണ്ടാംടേമിന് തീർത്തും അർഹനാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം.
ഒരിടത്ത് മാത്രം ഒരാൾ
പ്രചരിക്കുന്ന സ്ഥാനാർത്ഥി പട്ടികയിൽ വണ്ടൂരിൽ എ.പി. അനിൽകുമാറിന്റെ പേര് മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്.
തവനൂരിൽ എ.എം. രോഹിത്, ഇ.പി. രാജീവ്. പി. ഇഫ്ത്തിഖാറുദ്ദീൻ, റിയാസ് മുക്കോളി, പൊന്നാനിയിൽ കെ.പി. നൗഷാദലി, സിദ്ധീഖ് പന്താവൂർ, പി.ടി. അജയ് മോഹൻ എന്നിവരാണ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
കൂടുതലും യുവനേതാക്കളാണ് ലിസ്റ്റിലുള്ളത്.