ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് ആശ്വാസം

Monday 09 February 2026 3:10 AM IST

കൽപ്പറ്റ: സി.പി.എം നിയന്ത്രണത്തിലുളള ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ ശ്രമം. അനുവദിച്ച പത്തുകോടി ചെലവഴിക്കാൻ കഴിഞ്ഞ ദിവസം അനുമതി നൽകി. 120കോടി രൂപയിലേറെ ബാദ്ധ്യതയുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കടുത്ത സമരപരിപാടികളിലേക്ക് നീങ്ങാൻ നിക്ഷേപകർ ഒരുങ്ങുന്നുണ്ട്. സി.പി.എം വയനാട് ജില്ലാ കമ്മിറ്റി ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ വരെ നിക്ഷേപകർ തയ്യാറെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 10കോടി അടിയന്തരമായി അനുവദിച്ചത്.

നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയില്ലെങ്കിലും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ കഴിയും. വീണ്ടും പ്രവർത്തനസജ്ജമായാൽ നിക്ഷേപകരെ കൂടെ നിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഏറ്റെടുക്കാൻ കഴിയുന്ന മറ്റൊരു സ്ഥാപനത്തെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. സ്ഥാപനം വിൽപ്പന നടത്തി ബാദ്ധ്യത തീർക്കാനാണ് ഭരണസമിതി ആഗ്രഹിക്കുന്നത്. ഇടതു മുന്നണിക്ക് തുടർഭരണം ലഭിക്കാതെ വന്നാൽ സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നതിൽ വൻ പ്രതിസന്ധി നേരിടുമെന്ന് ഭരണസമിതി വിലയിരുത്തുന്നു.

ബ്രഹ്മഗിരിയിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ഗുരുതരമായ ആരോപണം ഉയർന്നിരുന്നു.

പണം നിക്ഷേപിച്ചവരെ

സംരക്ഷിക്കും: രാമകൃഷ്ണൻ

കൽപ്പറ്റ: ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ച മുഴുവനാളുകൾക്കും പണം തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ബിസിനസ് രംഗത്ത് സ്വാഭാവികമായി ഉണ്ടാകുന്ന തകർച്ചയാണ് ബ്രഹ്മഗിരിയിലും സംഭവിച്ചത്.