ഇംഗ്ലണ്ടിനെ വിറപ്പിച്ച് നേപ്പാൾ പൊരുതി വീണു

Monday 09 February 2026 6:55 AM IST

മുംബയ്: ക്രിക്കറ്ര് ചരിത്രത്തിലെ തന്നെ ഏറ്രവും വലിയ അട്ടിമറികളിലൊന്നിൽ നിന്ന് നേപ്പാളിനെതിരെ ഇംഗ്ലണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ വാങ്കഡെ വേദിയായ ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച നേപ്പാൾ വെറും 4 റൺസിനാണ് തോൽവി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 184 റൺസ് നേടി. ചേസിംഗിൽ തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത നേപ്പാൾ ഒരുഘട്ടത്തിൽ വിജയപ്രതീക്ഷയിലായിരുന്നെങ്കിലും 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 180ൽ അവരുടെ ധീരമായ ചേസിംഗ് അവസാനിച്ചു.

അവസാന ഓവറിൽ നേപ്പാളിന് ജയിക്കാൻ പത്ത് റൺസ് വേണമായിരുന്നു. എന്നാൽ ആ ഓവറിൽ 5 റൺസ് മാത്രം വഴങ്ങി സാം കറൻ ഇംഗ്ലണ്ടിനെ രക്ഷിച്ചു.

ദീപേന്ദർ സിംഗ് അയിരെ (29 പന്തിൽ 44), ലോകേഷ് ബാം (പുറത്താകാതെ 20 പന്തിൽ 39), ക്യാപ്‌ടൻ രോഹിത് പൗഡൽ (39),ഓപ്പണർ കുഷാൽ ഭൂർട്ടെൽ (17 പന്തിൽ 29) എന്നിവരെല്ലാം ശക്തമായ ഇംഗ്ലീഷ് ബൗളിംഗ് നിരയെ സമർത്ഥമായി നേരിട്ടു. ഇംഗ്ലണ്ടിനായി ലിയാം ഡോസൺ 2 വിക്കറ്ര് വീഴ്‌ത്തി.

നേരത്തേ ക്യാപ്‌ടൻ ഹാരി ബ്രൂക്ക് (32 പന്തിൽ 53), ജേക്കബ് ബെഥേൽ (55), വിൽജാക്ക്‌സ് (പുറത്താകാതെ 18 പന്തിൽ 39),ജോസ് ബട്ട്‌ലർ (26) എന്നിവരാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. ബൗളിംഗിൽ ഒരു വിക്കറ്രും നേടിയ ജാക്ക്‌സാണ് കളിയിലെ താരം.

നേപ്പാളിനായി ദീപേന്ദ്ര സിംഗ് അയിരേയും നന്ദൻ യാദവും 2 വിക്കറ്റ് വീതം വീഴ്‌ത്തി.

അയർലൻഡിനെ കറക്കി വീഴ്‌ത്തി ലങ്ക

കൊളംബോ: ട്വന്റി-20 ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ശ്രീലങ്ക 20 റൺസിന് അയർലൻഡിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 163 റൺസെടുത്തു. അയർ‌ലൻഡ് 19.5 ഓവറിൽ 143 റൺസിന് ഓൾ ഔട്ടായി. 3 വിക്കറ്റ് വീതം നേടിയ സ്‌പിന്നർമാരായ വാനിൻഡു ഹസരങ്കയുടേയും മഹീഷ് തീക്ഷണയുടേയും നേതൃത്വത്തിലാണ് ലങ്ക ഐറിഷ് ബാറ്റിംഗ് നിരയെ ഒതുക്കിയത്. ഹാരി ടെക്‌ടറിനും (40), റോസ് അഡയിറിനും (34) മാത്രമാണ് ഐറിഷ് ബാറ്റിംഗ് നിരയിൽ പിടിച്ചു നിൽക്കാനായുള്ളൂ.

നേരത്തേ വിക്കറ്റ് കീപ്പർ ബാറ്റർ കുശാൽ മെൻഡിസാണ് (പുറത്താകാതെ 43 പന്തിൽ 56) ലങ്കയുടെ ടോപ് സ്കോററായത്. 19 പന്തിൽ 4 ഫോറും 2 സിക്‌സും ഉ

ൾപ്പെടെ 44 റൺസ് നേടിയ കാമിൻഡു മെൻഡിസ് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തു. കാമിൻഡുവാണ് കളിയിലെ താരം.

പതും നിസ്സാങ്ക 24 റൺസ് നേടി. അയർലൻഡിനായി മക്‌കാർത്തിയും ഡോക്‌റെല്ലും 2 വിക്കറ്റ് വീതം വീഴ്‌ത്തി.

ഇന്ന്

സ്കോ‌ട്ട്ലാൻഡ് -ഇറ്റലി

(രാവിലെ 11 മുതൽ)

സിംബാബ്‌വെ- ഒമാൻ

(വൈകിട്ട് 3 മുതൽ)

ദക്ഷിണാഫ്രിക്ക - കാനഡ

(രാത്രി 7 മുതൽ)

ലൈവ്- സ്റ്റാർ സ്പോ‌ർട്‌സ് ചാനലുകളിലും ജിയോ ഹോട്ട് ‌സ്റ്റാറിലും

ഡേവിസ് കപ്പ്: ദക്ഷിണേശ്വറിന്റെ മികവിൽ ഇന്ത്യ

ബംഗളൂരു: ഡേവിസ് കപ്പ് ടെന്നിസിൽ ദക്ഷിണേശ്വർ സുരേഷിന്റെ മികവിൽ ക്വാളിഫയർ റൗണ്ട് 1ൽ റാങ്കിംഗിൽ ഏറെ മുന്നിലുള്ള നെതർലാൻഡ്‌സിനെ 3-2ന് കീഴടക്കി ഇന്ത്യ ചരിത്രം കുറിച്ചു. ജയത്തോടെ ക്വാളിഫയർ 2ലേക്ക് ഇന്ത്യ യോഗ്യത നേടി. ഡേവിസ് കപ്പിൽ പുതിയ ഫോർമാറ്റ് വന്നതിന് ശേഷം ഇന്ത്യ ആദ്യമായാണ് ക്വാളിഫയർ 2ലെത്തുന്നത്. കളിച്ച മൂന്ന് കളിയും ജയിച്ച ദക്ഷിണേശ്വർ സുരേഷ് ഇന്ത്യയുടെ തുറുപ്പ് ചീട്ടാവുകയായിരുന്നു. രണ്ട് സിംഗിൾസും യുകി ഭാംബ്രിക്കൊപ്പം ഡബിൾസലും ജയിച്ചാണ് ദക്ഷിണേശ്വർ ഇന്ത്യയ്ക്ക് ക്വാളിഫയർ റൗണ്ട് 2ലേക്ക് ടിക്കെറ്റുടുത്തുകൊടുത്തത്. റാങ്കിംഗിൽ ഇന്ത്യ 33-ാമതും നെതർലാൻഡ്‌സ് ആറാമതുമാണ്.

കേരളത്തിന് ജയം: ആശയ്‌ക്ക് 6 വിക്കറ്ര്റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 111 റൺസിന്റെ തകർപ്പൻ വിജയം. സ്പിന്നർ എസ്. ആശയുടെ ആറ് വിക്കറ്റ് പ്രകടനമാണ് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചത്. കേരളം ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്ര 31.2 ഓവറിൽ വെറും 76 റൺസിന് പുറത്തായി.

സ്കോർ: കേരളം - 50 ഓവറിൽ 187/9, സൗരാഷ്ട്ര - 31.2 ഓവറിൽ 76 ഓൾ ഔട്ട്.