പാലക്കാട് ചരക്ക് ലോറിയ്‌ക്ക് ഓട്ടത്തിനിടെ തീപിടിച്ചു,​ രണ്ടര മണിക്കൂർ ഗതാഗത തടസം,​ ഡ്രൈവർ ഇറങ്ങിയോടി

Monday 09 February 2026 9:05 AM IST

പാലക്കാട്: സംസ്ഥാനപാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ച്‌ അപകടം. പാലക്കാട്-പൊന്നാനി സംസ്ഥാന പാതയിൽ പത്തിരിപ്പാലയിലാണ് അപകടം.തീ കണ്ടയുടൻ ഡ്രൈവർ ഇറങ്ങിയോടിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ലോറി പൂർണമായും കത്തിനശിച്ചു.

ഞായർ രാത്രി 11.45ഓടെയാണ് കോയമ്പത്തൂരിൽ നിന്നും പഞ്ചസാരയുമായി വന്ന ലോറിയ്‌ക്കാണ് തീപിടിച്ചത്. ആദ്യം ക്യാബിനിലാണ് തീ കണ്ടത്. തുടർന്ന് പഞ്ചസാര ചാക്കുകളിലേക്ക് തീ പടർന്നു. ഓടിക്കൂടിയ നാട്ടുകാർ തീയണയ്‌‌ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവത്തിന് ‌പിന്നാലെ റോഡിൽ രണ്ടര മണിക്കൂറോളം ഗതാഗത തടസമുണ്ടായി. തുടർന്ന് പാലക്കാട്,​ കോങ്ങാട് എന്നിവിടങ്ങളിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി ഒന്നരമണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. ഷോർട്ട്‌ സർക്യൂട്ടാണ് അപകടകാരണം എന്നാണ് സൂചന.