കലിപ്പ് മാറാതെ ശ്രീലേഖ; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചാ സംഘത്തിൽ ഇല്ല, വിശദീകരണവുമായി ബിജെപി

Monday 09 February 2026 10:23 AM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനുള്ള തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ സംഘത്തിൽ ആർ ശ്രീലേഖ ഇല്ലെന്ന് വിവരം. ഇന്ന് ഉച്ചയ്ക്ക് 12.30നുള്ള കേരള എക്‌സ്പ്രസ് ട്രെയിനിലാണ് മേയർ വി വി രാജേഷ് ഉൾപ്പെടുന്ന സംഘം ഡൽഹിയിലേക്ക് പുറപ്പെടുന്നത്. കൗൺസിലർമാരും മുൻസിപ്പാലിറ്റി പ‌ഞ്ചായത്ത് അദ്ധ്യക്ഷന്മാരും സംഘത്തിൽ ഉണ്ടാകും.

എംആർ ഗോപനും ശ്രീലേഖയും സംഘത്തിൽ ഇല്ലെന്നാണ് വിവരം. ഇരുവരുടെയും അമ്മമാർക്ക് അസുഖമായതിനാൽ യാത്രയിൽ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചിരുന്നുവെന്നാണ് ബിജെപി നേതൃത്വം നൽകുന്ന വിശദീകരണം. എന്നാൽ വിമാനമാർഗം ശ്രീലേഖ എത്തുമോയെന്ന കാര്യം അറിയില്ലെന്നും ബിജെപി കൗൺസിലർമാർ പ്രതികരിച്ചു. ട്രെയിൻ യാത്രക്കായി എല്ലാവർക്കും ഒരുമിച്ചാണ് ടിക്കറ്റ് എടുത്തതെന്നാണ് കൗൺസിലർമാർ പറയുന്നത്. വ്യാഴാഴ്ചയാണ് മോദിയുമായുള്ള കൂടിക്കാഴ് നടക്കുന്നത്.

തിരുവനന്തപുരത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള പിന്തുണ ഉറപ്പാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് വിവരം. നഗരത്തിന്റെ പ്രാഥമിക വികസന രേഖ ഇതിനോടകം തന്നെ പ്രധാനമന്ത്രിക്ക് കെെമാറിയിട്ടുണ്ടെന്നും വാർഡ് സഭകൾ പൂർത്തിയാകുന്നതോടെ കൂടുതൽ വിശദമായ വികസന രേഖ സമർപ്പിക്കുമെന്നും മേയർ അറിയിച്ചു.

അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ സ്ഥാനത്തെച്ചൊല്ലി പാർട്ടിയോട് ആർ ശ്രീലേഖ പരസ്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തിയപ്പോൾ സ്റ്റേജിൽ ഒറ്റയ്ക്ക് നിൽക്കുന്ന ശ്രീലേഖയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.