ഇന്ത്യ-പാക് പോരാട്ടം; ചർച്ചകൾ പൂർത്തിയായി, 24മണിക്കൂറിനകം നിലപാട് വ്യക്തമാക്കുമെന്ന് പാകിസ്ഥാൻ
ലാഹോർ: ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ അടുത്ത 24 മണിക്കൂറിനുള്ളിൽ അവസാനിക്കും. ടൂർണമെന്റിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള നീക്കത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉടൻ അന്തിമ തീരുമാനം പ്രഖ്യാപിക്കും. ഐസിസി പ്രതിനിധികളുമായി ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന അഞ്ച് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷമാണ് നീക്കം.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്‌വി, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജ, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ പ്രസിഡന്റ് അമിനുൽ ഇസ്ലാം എന്നിവരാണ് ലാഹോറിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്. ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കേണ്ട മത്സരം ഉപേക്ഷിക്കുമെന്ന പാകിസ്ഥാന്റെ നേരത്തെയുള്ള നിലപാട് ടൂർണമെന്റിനുതന്നെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് ഐസിസി നേരിട്ട് ചർച്ചയ്ക്ക് എത്തിയത്. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് പിസിബി പാകിസ്ഥാൻ സർക്കാരുമായി കൂടിയലോചന നടത്തും. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ നേരിട്ടുകണ്ട് കാര്യങ്ങൾ വിശദീകരിക്കും. ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം മാദ്ധ്യമങ്ങളെ കാണുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഐസിസിയും പാകിസ്ഥാനും തമ്മിലുള്ള ചർച്ചകളിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റിന്റെ സാന്നിദ്ധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിഷയത്തിൽ ബംഗ്ലദേശിന്റെ അതേ നിലപാടാണ് പാകിസ്ഥാനുമെന്നാണ് സൂചന. ഇരു ബോർഡുകളും തമ്മിൽ ധാരണയിലെത്തിയതായും വിവരമുണ്ട്.
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ വരുമാന സ്രോതസായ ഇന്ത്യ-പാക് മത്സരം മുടങ്ങുന്നത് ഐസിസിക്ക് കനത്ത സാമ്പത്തിക ആഘാതമുണ്ടാക്കും. ബ്രോഡ്‌കാസ്റ്റർമാർ നൽകുന്ന വലിയ തുകയുടെ പ്രധാന ആകർഷണം ഇത്തരം ഗംഭീര പോരാട്ടങ്ങളാണ്. മത്സരം റദ്ദാക്കിയാൽ പരസ്യവരുമാനത്തിലും സ്‌പോൺസർഷിപ്പിലും വൻ ഇടിവുണ്ടാകും. ഇത് ഐസിസി അംഗരാജ്യങ്ങൾക്ക് നൽകുന്ന വാർഷിക ലാഭവിഹിതത്തെയും ബാധിക്കും. ക്രിക്കറ്റ് ലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന മത്സരം നടക്കുമോ അതോ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബഹിഷ്‌കരണത്തിന് ലോകകപ്പ് സാക്ഷ്യം വഹിക്കുമോ എന്നത് വരും മണിക്കൂറുകളിൽ അറിയാം.