ബ്രഹ്മപുരത്തെ 'ബെസിന്" സ്പീഡായി
വൈദ്യുതി സംഭരിക്കുന്ന പദ്ധതി
താല്പര്യവുമായി കമ്പനികൾ
ടെൻഡർ നടപടികൾ ഉടൻ
കൊച്ചി: എറണാകുളം ബ്രഹ്മപുരത്ത് വിഭാവനം ചെയ്യുന്ന 500 മെഗാവാട്ട് സംഭരണശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവുമായി (ബി.ഇ.എസ്.എസ്) സർക്കാർ മുന്നോട്ട്. പദ്ധതിയുടെ ടെൻഡർ നടപടികൾ അവസാനഘട്ടത്തിലെത്തി. വൈകാതെ നിർമ്മാണം ആരംഭിക്കും. 200 കോടിയിലേറെ ചെലവുള്ള പദ്ധതി എത്രയും വേഗം പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി 2025 ഏപ്രിലിലാണ് ബി.ഇ.എസ്.എസ് പ്രഖ്യാപിച്ചത്.
കാസർകോട് മൈലാട്ടി, മുള്ളേരി, കണ്ണൂരിലെ ശ്രീകണ്ഠാപുരം, മലപ്പുറത്ത് അരീക്കോട്, തിരുവനന്തപുരം പോത്തൻകോട് എന്നിവിടങ്ങളിലാണ് ബി.ഇ.എസ്.എസ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. ഇതിനൊപ്പം ബ്രഹ്മപുരത്തെയും പരിഗണിച്ചു. ബ്രഹ്മപുരത്തെ കെ.എസ്.ഇ.ബിയുടെ 220 കെ.വി സബ് സ്റ്റേഷന് എതിർവശത്തുള്ള സ്ഥലമാണ് നിശ്ചയിച്ചിരിക്കുന്നത്.
ടെൻഡർ നടപടികളുടെ ഭാഗമായി ഏതാനും കമ്പനികൾ അടുത്തിടെ സ്ഥലം സന്ദർശിച്ചിരുന്നു. സർക്കാരിന് പ്രാരംഭ മുതൽമുടക്കില്ലാത്തവിധം നിർമ്മിച്ച് പ്രവർത്തിപ്പിച്ച് ഉടമസ്ഥതയെന്ന (ബി.ഒ.ഒ) മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. 360 കോടി രൂപയുടെ കേന്ദ്ര സഹായം ഇതിനകം ലഭിച്ചിട്ടുണ്ട്. സോളാർ എനർജി കോർപ്പറേഷൻ ഒഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവിൽ രാത്രി ഏഴിന് ശേഷവും പുലർച്ചെയുമുള്ള പീക്ക് ടൈമിൽ സംസ്ഥാനം വലിയ നിരക്ക് നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി 500 മെഗാവാട്ട് വരെ ബാറ്ററികളിൽ സംഭരിക്കാം. ഇത് പീക്ക് ടൈം സ്ലോട്ടുകളിൽ ഉപയോഗപ്പെടുത്തി വൈദ്യുതി വാങ്ങലിന്റെ തോത് കുറയ്ക്കാൻ സഹായിക്കും.
ബി.ഇ.എസ്.എസ് പകൽ സമയത്ത് കുറഞ്ഞ വിലയ്ക്ക് സുലഭമായ വൈദ്യുതി ഉന്നതശേഷിയുള്ള ബാറ്ററികളിൽ ശേഖരിച്ച്, വൈദ്യുതി ഉപയോഗം കൂടിയ വൈകിട്ടത്തെ പീക്ക് മണിക്കൂറുകളിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ബെസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം.
ബി.ഇ.എസ്.എസ് ആദ്യഘട്ട പദ്ധതികൾ
മൈലാട്ടി - 125 മെഗാവാട്ട് മുള്ളേരി - 15 മെഗാവാട്ട് ശ്രീകണ്ഠപുരം - 40 മെഗാവാട്ട് അരീക്കോട് - 30 മെഗാവാട്ട് പോത്തൻകോട് - 40 മെഗാവാട്ട്
അഞ്ചു പദ്ധതികൾക്ക് ആകെ ചെലവ് 1,800 കോടി രൂപ