'എണ്ണിക്കൊണ്ടിരിക്കുന്നത് കോടികളല്ല, പറന്നുപൊട്ടിതകരുന്ന കുമിളകൾ'; പരിഹാസവുമായി വനിതാ നേതാവ്

Monday 09 February 2026 3:47 PM IST

കോഴിക്കോട്: 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ വക്കീൽ നോട്ടീസിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് എം എ ഷഹനാസ്. ഫേസ്‌ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു പരിഹാസം. പോസ്‌റ്റിന് താഴെ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്.

വാർത്താസമ്മേളനത്തിലൂടെ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചെന്ന് കാണിച്ച് 10 കോടിയാണ് ഷഹനാസിനയച്ച വക്കീൽ നോട്ടീസിലൂടെ രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടത്. കോഴിക്കോട് ബീച്ചിലിരുന്ന ബബിൾസ് ഊതി വിടുന്നതിന്റെ വീഡിയോയും ഒപ്പം ഒരു കുറിപ്പും പങ്കുവച്ചാണ് ഷഹനാസ് വക്കീൽ നോട്ടീസിനോട് പ്രതികരിച്ചത്.

'എണ്ണിക്കൊണ്ട് ഇരിക്കുന്നു, കോടികൾ അല്ല പറന്നുപൊങ്ങിപൊട്ടിത്തകരുന്ന കുമിളകൾ. ഇന്നലെ നീ ആരായിരുന്നു? ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ മറ്റന്നാൾ നീ ആരാണാവോ? എന്തൊക്കെ ആയിരുന്നു വ്യാജകാർഡ് ആയിട്ട് വന്നപ്പോ തുടങ്ങിയ പെർഫോമൻസ് ആയിരുന്നു. എന്നിട്ടിപ്പോ ന്തായി. പവനായി ശവമായി. കോഴിക്കോട് ബീച്ചിൽ തന്നെയുണ്ട്'- ഷഹനാസ് വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

ഫെബ്രുവരി മൂന്നിനാണ് വക്കീൽ നോട്ടീസ് അയയ്‌ക്കാൻ കാരണമായ വാർത്താ സമ്മേളനം നടന്നത്. രാഹുലുമായി സൗഹൃദമുണ്ടായിരുന്നുവെന്ന വാദത്തെ ഷഹനാസ് തള്ളിക്കളഞ്ഞു. രാഹുൽ ഒരു കോഴിയാണെന്ന് തനിക്ക് പണ്ടേ അറിയാമെന്നും തന്നോടും കോഴിത്തരം കാണിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ സ്റ്റോറികൾക്ക് അയച്ച മറുപടികൾ ഇൻബോക്‌സിലുണ്ടെന്നും താൻ സാരി ഉടുത്ത് ഫോട്ടോ ഇട്ടപ്പോൾ അതിന്റെ കമന്റ് ബോക്‌സിൽ വന്ന് മോശം കമന്റ് ഇട്ടെന്നും ഷഹനാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തന്റെ ആരോപണങ്ങൾ കള്ളമാണെങ്കിൽ പരസ്യവാദത്തിന് തയ്യാറാണെന്നും അവർ രാഹുലിനെ വെല്ലുവിളിച്ചിരുന്നു.