ദേവസ്വം ആനകൾക്ക് പുറത്ത് ഡിമാൻഡ്: പൂർണത്രയീശന് ശീവേലിക്ക് ആനയില്ല!
കൊച്ചി: നിത്യേന ആനശീവേലിയുള്ള തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ആനയെ നൽകാതെ കൊച്ചിൻ ദേവസ്വംബോർഡിന്റെ ഒളിച്ചുകളി. അഞ്ചാനകൾ ഉണ്ടെങ്കിലും ആനഏജന്റുമാരും ലോറി കരാറുകാരുമായി ഒത്തുകളിച്ച് ഇവയെ പുറത്തെഴുന്നള്ളിക്കാൻ നൽകി ലക്ഷങ്ങൾ തട്ടുകയാണ് ഉദ്യോഗസ്ഥ - രാഷ്ട്രീയസംഘം. ആനകളുടെ കൈകാര്യച്ചുമതലയുള്ള ജീവധനം ഓഫീസർ കൃഷ്ണൻകുട്ടിക്ക് ഇപ്പോൾ ദേവസ്വം പ്രസിഡന്റിന്റെ പി.എ പദവിയുമുള്ളതിനാൽ ആനകൾക്ക് നാഥനില്ലാത്ത സ്ഥിതിയാണ്.
അഞ്ചാനകളിൽ മൂന്നെണ്ണം മദപ്പാടിലായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. രേഖകളിൽ കുറഞ്ഞ ഏക്കംകാണിച്ച് വലിയതുകയ്ക്ക് പുറത്ത് എഴുന്നള്ളിക്കാൻ വിടുകയാണെന്ന പരാതികളുണ്ട്. ബുക്കിംഗുകളിൽ കൃത്രിമം നടക്കുന്നതിനാൽ ഏറ്റവും ഡിമാൻഡുള്ള ദിനങ്ങളിൽപോലും ടെൻഡർ വിളിക്കേണ്ടിവന്നിട്ടുമില്ല. എറണാകുളം ശിവകുമാറിന് ഒരുലക്ഷവും പഴയന്നൂർ ശ്രീരാമന് അരലക്ഷവുമാണ് ദേവസ്വം നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ ദിവസഏക്കം.
തൃപ്രയാർ, തൃപ്പൂണിത്തുറ, ചോറ്റാനിക്കര ക്ഷേത്രങ്ങളിലാണ് ദിവസവും രണ്ടുനേരം ശീവേലിക്ക് ആനയെ വേണ്ടത്. കൊടുങ്ങല്ലൂർ അച്യുതൻകുട്ടിയെ അടുത്തിടെ തൃപ്രയാറിലേക്ക് നൽകി. ചോറ്റാനിക്കരയിൽ പിടിയാനയെ എഴുന്നള്ളിക്കേണ്ടതിനാൽ അവിടെ പുറംകരാറാണ്. പഴയന്നൂർ ശ്രീരാമനെ തൃപ്പൂണിത്തുറയിൽ നിയോഗിച്ചാൽ പ്രശ്നംതീരും. പക്ഷേ ഈ ആന ഇപ്പോൾ ഏജന്റുമാരുടെ നിയന്ത്രണത്തിലാണ്.
ശീവേലി വൈകൽ പതിവാകുന്നു
തൃപ്പൂണിത്തുറയിൽ രണ്ടാഴ്ചയ്ക്കിടെ മൂന്നുതവണ ശീവേലി വൈകി. രണ്ടുവട്ടവും തൃപ്രയാർ ശ്രീരാമൻ സ്വകാര്യക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിലായിരുന്നു. ഞായറാഴ്ച രാത്രി വാടകയ്ക്ക് കൊണ്ടുവന്ന ആന ഇടഞ്ഞതിനാൽ ഇന്നലെ പുലർച്ചെ രണ്ടുമണിക്കാണ് അത്താഴശീവേലി നടന്നത്. 10500 രൂപയാണ് പുറത്തുനിന്ന് ആനയെ വരുത്താൻ ദേവസ്വം നൽകുക. ഉടമകളുടെ ഒൗദാര്യം കൊണ്ടാണ് പൂർണത്രയീശന്റെ ശീവേലി തട്ടിയുംമുട്ടിയും നടക്കുന്നത്.
ഭക്തർ നടയിരുത്തിയ ആനകളെ ക്ഷേത്രആവശ്യത്തിന് നിയോഗിക്കാതെ ഏക്കത്തിന് നൽകി പണംതട്ടുന്ന പരിപാടിയാണ് ഇപ്പോൾ നടക്കുന്നത്. ഇത് അവസാനിപ്പിക്കണം.
ദിലീപ് ജി. മേനോൻ, തൃപ്പൂണിത്തുറ
മുൻകൂട്ടി ഉത്സവങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ളതിനാലാണ് ആനകളെ പുറംക്ഷേത്രങ്ങളിൽ 6-7 ദിവസം വിടേണ്ടിവന്നത്. ബോർഡ് തീരുമാനിച്ചാൽ തൃപ്പൂണിത്തുറയ്ക്ക് മാത്രമായി ഒരാനയെ നൽകാനാകും. രവിപുരം ഗോവിന്ദന്റെ നീരുകാലം ഒരാഴ്ചയ്ക്കുള്ളിൽ തീരും. അതോടെ പ്രതിസന്ധിക്ക് പരിഹാരമാകും. കൃഷ്ണൻകുട്ടി
ജീവധനം ഓഫീസർ
കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകൾ
1. എറണാകുളം ശിവകുമാർ
2. രവിപുരം ഗോവിന്ദൻ
3. പഴയന്നൂർ ശ്രീരാമൻ
4. കൊടുങ്ങല്ലൂർ ദേവീദാസൻ
5. കൊടുങ്ങല്ലൂർ അച്യുതൻകുട്ടി
നിത്യവും ആനശീവേലിയുള്ള ക്ഷേത്രങ്ങൾ
1. തൃപ്രയാർ ശ്രീരാമക്ഷേത്രം
2. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം
3. ചോറ്റാനിക്കര ഭഗവതി ക്ഷേത്രം