'മോഹന്‍ലാലുമായുള്ളത് സിനിമാ ബന്ധം, ആരുടേയും പണം നഷ്ടമാകില്ല; റിയല്‍ എസ്റ്റേറ്റുകാരുടെ പൈസ വാങ്ങിയിട്ടില്ല'

Monday 09 February 2026 8:53 PM IST

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ പണം നിക്ഷേപിച്ചിട്ടുള്ള ആര്‍ക്കും ആശങ്ക വേണ്ടതില്ലെന്ന് കമ്പനി എം.ഡി. എന്ത് പ്രതിസന്ധിയുണ്ടായാലും അതെല്ലാം തരണം ചെയ്യാന്‍ കമ്പനിക്ക് കഴിയുമെന്നും മാനേജിംഗ് ഡയറക്ടര്‍ ടി.എ ജോസഫ് പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ ഏറ്റെടുത്ത് നടത്തുന്ന എല്ലാ പ്രോജക്റ്റുകളുടേയും ഉത്തരവാദിത്തം കമ്പനിക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ പണം നിക്ഷേപിച്ച എല്ലാവര്‍ക്കും അതിന്റെ ഗുണം കിട്ടുമെന്നും മറിച്ചുള്ളവ തെറ്റായ പ്രചാരണങ്ങളാണെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചെയര്‍മാന്‍ സി.ജെ റോയിയുടെ മരണം കേരളത്തിലേയോ, ബംഗളൂരുവിലേയോ ഒരു പ്രോജക്റ്റുകളേയും ബാധിക്കില്ല. ഒരു രൂപ പോലും കടമില്ലാത്ത കമ്പനിയാണിത്. നടന്‍ മോഹന്‍ലാലുമായുള്ളത് കാസനോവ എന്ന സിനിമയുടെ ഭാഗമായിട്ടാണ്. ആന്റണി പെരുമ്പാവൂര്‍ അടുത്ത സുഹൃത്തും. സിനിമ മേഖലയില്‍ നിന്ന് ഒരു നിക്ഷേപകന്‍ പോലും കമ്പനിക്ക് ഇല്ല. സിനിമാ മേഖലയില്‍ നിന്ന് കമ്പനിക്ക് ഇങ്ങോട്ട് കാശ് കിട്ടാനുണ്ടെങ്കിലും അങ്ങോട്ട് കൊടുക്കാനില്ല.

പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ തൃപ്തിയുണ്ട്. ചില യൂട്യൂബര്‍മാര്‍ ഗ്രൂപ്പിനെതിരെ മോശമായ പ്രചാരണം നടത്തുന്നു. വ്യക്തിപരമായി അധിക്ഷേപിക്കുന്നു. മരിച്ചയാളെ വേട്ടയാടുന്നത് നീതീകരിക്കാനാകില്ല. മലയാളികള്‍ ഇത്തരം കള്ള പ്രചാരണങ്ങള്‍ മനസിലാകും. നിക്ഷേപകരെ ഗ്രൂപ്പ് കബളിപ്പിച്ചിട്ടില്ല. സിനിമാക്കാരില്‍ നിന്നും റിയല്‍ എസ്റ്റേറ്റുകാരില്‍ നിന്നും ഗ്രൂപ്പ് പണം വാങ്ങി വിദേശത്ത് പണം നിക്ഷേപിച്ചു എന്നൊക്കെയുള്ള ആരോപണം തെറ്റാണ്. ആരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിട്ടില്ല.

കാശ് കിട്ടാനല്ലാതെ കൊടുക്കാനില്ല. കമ്പനിക്ക് നിക്ഷേപകരോ കടമോ ഇല്ല. എല്ലാ സൈറ്റുകളിലും പണി പുനരാരംഭിച്ചിട്ടുണ്ട്. ചെയര്‍മാന്റെ മരണം ജോലികളെ ബാധിക്കില്ല. ആര്‍ക്കുംആവലാതി വേണ്ട'- ടി എ ജോസഫ് വ്യക്തമാക്കി.