തണ്ണിത്തോട്ടിൽ കാട്ടുപോത്തും തെരുവുനായ്ക്കളും നേർക്കുനേർ

Tuesday 10 February 2026 12:02 AM IST

കോന്നി: തണ്ണിത്തോട് പഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കലിൽ പതിവായി നാട്ടിലിറങ്ങുന്ന കാട്ടുപോത്തുകൾ തെരുവുനായ്ക്കളുമായി ഏറ്റുമുട്ടി. കഴിഞ്ഞദിവസം പുലർച്ചെ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ നിരവിൽ എൻ.ജി.മത്തായിയുടെ വീടിന് മുന്നിലെ ചെടികൾ കാട്ടുപോത്തുകൾ നശിപ്പിച്ചിരുന്നു.

രാവിലെ വീട്ടുകാർ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വീടിന് മുന്നിലൂടെ കാട്ടുപോത്തുകൾ നടന്നുപോകുന്നത് ശ്രദ്ധിച്ചത്. ഇതുകണ്ട് ഓടിയെത്തിയ തെരുവുനായ്ക്കൾ കുരച്ചുകൊണ്ട് പിന്നാലെയെത്തി. ഇതിനിടെ തിരിഞ്ഞുനിന്ന ഒരു കാട്ടുപോത്ത് തെരുവുനായ്ക്കളെ ആക്രമിക്കാൻ പാഞ്ഞടുത്തെങ്കിലും തെരുവുനായ്ക്കൾ കുരച്ചുകൊണ്ട് റോഡിൽ നിലയുറപ്പിച്ചു.

തെരുവുനായ്ക്കൾ ഏറെനേരം നിറുത്താതെ കുരച്ചതോടെ കാട്ടുപോത്ത് ഒടുവിൽ പിന്തിരിയുകയായിരുന്നു. സമീപത്തെ വനത്തിൽ നിന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ വഴിയിലൂടെയാണ് പ്രധാന റോഡിലേക്ക് കാട്ടുപോത്തുകൾ പ്രവേശിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു.

ദിവസങ്ങൾക്ക് മുമ്പ് തണ്ണിത്തോട് പഞ്ചായത്ത് അംഗം ബസി ഡാനിയേലിന്റെ എലിമുള്ളുംപ്ലാക്കൽ ജംഗ്ഷന് സമീപത്തെ വീട്ടുമുറ്റത്തെ ചെടികൾ കാട്ടുപോത്തുകൾ തിന്ന് നശിപ്പിച്ചിരുന്നു. കോന്നി തണ്ണിത്തോട് റോഡിലെ എലിമുള്ളുംപ്ലാക്കൽ ജംഗ്ഷന് സമീപം പതിവായി കാട്ടുപോത്തുകൾ എത്തുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

രണ്ടും ജനങ്ങൾക്ക് ഭീഷണി

 എലിമുള്ളുംപ്ലാക്കൽ വനത്തോട് ചേർന്ന ജനവാസ മേഖല

 കാട്ടുപോത്തുകളുടെ സാന്നിദ്ധ്യം ഇവിടെ പതിവായി  കാട്ടാനകളും സ്ഥിരമായി ഇറങ്ങുന്ന സ്ഥലം  ജനവാസ മേഖലയ്ക്കും തണ്ണിത്തോട് റോഡിനും ഇടയിലെ പനമരങ്ങൾ തിന്നാനെത്തും  സൗരോർജ്ജ വേലികൾ തകർന്നിട്ട് നാളുകൾ  കാട്ടുപന്നികളും കൂട്ടമായി നാട്ടിലേക്കെത്തുന്നു  രാത്രിയും പുലർച്ചെയും പകലും റോഡിൽ മൃഗങ്ങളുടെ സാന്നിദ്ധ്യം

 ഇതിനിടെയാണ് തെരുവുനായ്ക്കളുമായി കാട്ടുമൃഗങ്ങളുടെ ഏറ്റമുട്ടൽ

കോന്നി - തണ്ണിത്തോട് റോഡിൽ നിലയുറപ്പിക്കുന്ന കാട്ടുമൃഗങ്ങൾ നേരം പുലർന്നാലും പലപ്പോഴും കാട്ടിലേയ്ത്ത് മടങ്ങാറില്ല. ഇവ വാഹന - കാൽനട യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയാണ്.

പ്രദേശവാസികൾ