പൊള്ളുന്നേ, ചുട്ടുപൊള്ളുന്നേ.. സംസ്ഥാനത്ത് ചൂട് കൂടുന്നു

Tuesday 10 February 2026 12:14 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതായി കാലാവസ്ഥാ മുന്നറിയിപ്പ്. ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാത്രിയിൽ നേരിയ തണുപ്പും പകൽ പൊള്ളുന്ന ചൂടുമാണ് നിലവിലെ സ്ഥിതി. കഴിഞ്ഞ ദിവസങ്ങളിൽ പകൽ താപനില 2 മുതൽ 4 ഡിഗ്രിവരെ കൂടിയിരുന്നു. വേനൽക്കാലത്ത് മാത്രം നേരിട്ടിരുന്ന കഠിനമായ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയാണ് കഴിഞ്ഞ രണ്ടിന് കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയത്- 37 ഡിഗ്രി.

വായുവിലെ ഉയർന്ന ഈർപ്പമാണ് ചൂട് കഠിനമാകാൻ കാരണം. സാധാരണ താപനിലയെക്കാൾ 5 ഡിഗ്രിവരെ വർദ്ധിക്കാൻ ഉയർന്ന ഈർപ്പം കാരണമായേക്കും. സമുദ്രജലത്തിലെ താപനില ഉയർത്തുന്ന 'എൽനിനോ' പ്രതിഭാസമാണ് കേരളത്തിലുൾപ്പെടെ വരണ്ട കാലാവസ്ഥയ്ക്ക് കാരണം. കടൽക്കാറ്റിന്റെ ശക്തി കുറഞ്ഞത് തീരദേശ മേഖലകളിലും കനത്ത ചൂട് അനുഭവപ്പെടാൻ കാരണമായിട്ടുണ്ട്.

ജാഗ്രതാ നിർദ്ദേശം

1. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയവയ്ക്ക് ഉയർന്ന ചൂട് കാരണമാകും. പകൽ 11 മുതൽ 3വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽസമയത്ത് ഒഴിവാക്കുക

2. വിദ്യാർത്ഥികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക

3. നിർമ്മാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കുക. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.