പറയെടുക്കാൻ ഭഗവതി തോളിലേറി വരുന്നേ... ഇത് മച്ചാട്ടെ മാത്രം വിശേഷം
തൃശൂർ: ആനയില്ല, അമ്പാരിയില്ല. വടക്കാഞ്ചേരിക്കടുത്തെ മച്ചാട്ട് ഉത്സവത്തിന് പറയെടുക്കാൻ എത്തുന്നത് ആളുകളുടെ തോളിലേറി. മച്ചാട് മാമാങ്കത്തിന് ഭഗവതിയുടെ പ്രതിപുരുഷനായ ഇളയതാണ് തോളിലേറി പറയെടുക്കാനെത്തുന്നത്. അരീക്കര ഇല്ലത്തെ ഇളയത് സമുദായാംഗങ്ങളാണ് ഇളയതുമാർ. എടുപ്പന്മാരെന്നാണ് തോളിലേറ്റുന്നവരെ വിളിക്കുന്നത്.
പ്രദേശവാസികളായ 30ഓളം പേർ മാറിമാറി എടുപ്പന്മാരാകും. ഓരോരുത്തർ വീതം ഭഗവതിയുടെ പ്രതിനിധിയെ തോളിലേറ്റി വീട്ടുമുറ്റത്തെത്തിക്കും. ഭഗവതി അശ്വവേതാളത്തിന്റെ പുറത്ത് കയറിപ്പോകുന്നെന്ന സങ്കല്പമാണ് ഇതിനുപിന്നിൽ. ഭഗവതിയെ തോളിലേറ്റുന്നെന്ന വിശ്വാസമാണ് എടുപ്പന്മാർക്ക്. രാപകൽ വ്യത്യാസമില്ലാതെ കുത്തുവിളക്കിന്റെ വെളിച്ചത്തിലാണ് പറയെടുപ്പ്.
പട്ടികജാതി വിഭാഗക്കാരുടെ പറ സ്വീകരിക്കുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് മച്ചാട് തിരുവാണിക്കാവ് ക്ഷേത്രം. പറപുറപ്പാട് ദിവസം പറപുറപ്പെട്ട് കിഴക്കേ നടയിൽ പ്രത്യേകം പന്തലിൽ പറ സ്വീകരിച്ചശേഷം മറ്റ് പറകൾ സ്വീകരിക്കാൻ യാത്രയാകും. 13നാണ് പറപുറപ്പാട്. മാമാങ്കം 17ന്.
കൊമ്പും കുഴലും വാദ്യം
മറ്റ് ക്ഷേത്രങ്ങളിൽ ചെണ്ടയും ഇലത്താളവുമാണ് വാദ്യമെങ്കിൽ ഇവിടെ കൊമ്പും കുഴലുമാണ്. അത്താഴപൂജയ്ക്ക് ശേഷമാകും പറപുറപ്പെടുക. പാലിശേരി തറവാട്ടിലെ കാരണവർക്കാണ് ഭഗവതിയുടെ പ്രതിപുരുഷനെ കൈപിടിക്കാനുള്ള അവകാശം. 5,000ലേറെ വീടുകളിലെത്തി പറ സ്വീകരിക്കും. ഏകദേശം ഒരുലക്ഷത്തോളം നെല്ല്, മഞ്ഞൾ, അരി തുടങ്ങി ദ്രവ്യങ്ങളും ഫലങ്ങളുമാണ് സമർപ്പിക്കുക.
കേരളത്തിൽ ആചാരവൈവിദ്ധ്യം കൊണ്ട് വ്യത്യസ്തമായൊരു ആഘോഷം വേറെ കാണാനാകില്ല. പറയെടുപ്പും കുതിരവേലയും തോൽപ്പാവക്കൂത്തുമെല്ലാം ഇവിടത്തെ മാത്രം പ്രത്യേകതയാണ്.
- കൃഷ്ണകുമാർ ഇളയത്,
അരീക്കര ഇല്ലം