അഭിജിത്തിന് നാടിന്റെ കണ്ണീരിൽ കുതിർന്ന വിട
അഞ്ചൽ:കാശ്മീരിലെ ബാരമുള്ളയിൽ മൈൻസ്ഫോടനത്തിൽ വീരമൃത്യു വരിച്ച ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ വീട്ടിൽ അഭിജിത്തിന് (22) നാടിന്റെ കണ്ണീരിൽ കുതിർന്ന വിട.
ചൊവ്വാഴ്ച രാത്രി 10.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ഭൗതികദേഹം മന്ത്രി കെ. രാജു, തിരുവനന്തപുരം ജില്ലാ കളക്ടർ ഗോപാലകൃഷ്ണൻ, അഭിജിത്തിന്റെ ബന്ധുക്കൾ എന്നിവർ ഏറ്റുവാങ്ങി പാങ്ങാേട് മിലിട്ടറി ക്യാമ്പിൽ എത്തിച്ചിരുന്നു.
ഇന്നലെ രാവിലെ മിലിട്ടറി ക്യാമ്പിൽ നിന്ന് വിലാപയാത്രയായി ഒൻപതര മണിയോടെ ജന്മനാട്ടിലെത്തിച്ച ഭൗതികശരീരം ഒരു നോക്കുകാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും നാട് ഒന്നടങ്കം എത്തിയിരുന്നു. മന്ത്രി കെ.രാജുവും നാട്ടിലെ പ്രമുഖരും തിരുവനന്തപുരം മുതൽ മൃതദേഹത്തെ അനുഗമിച്ചിരുന്നു.
അഭിജിത്ത് പ്രൈമറി വിദ്യാഭ്യാസം നേടിയ ഇടയം എൽ.പി.സ്കൂളിലേക്കാണ് ഭൗതികദേഹം എത്തിച്ചത്. സഹപാഠികൾ അടക്കം അവിടെ തടിച്ചുകൂടിയിരുന്നു. പത്തരയോടെ ഇടയം എസ്.എൻ.ഡി.പി. ഹാളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ വിവിധ തുറകളിൽ പെട്ട നൂറ് കണക്കിന് ആളുകൾ അന്ത്യോപചാരം അർപ്പിച്ചു. നാട്ടിലെ അമ്മമാർ കണ്ണീരോടെ വിങ്ങിപ്പൊട്ടിയാണ് അഭിജിത്തിന്റെ മുഖം ഒരുനോക്കു കണ്ടത്. തുടർന്ന് തൊട്ടടുത്തുള്ള സ്വവസതിയിലേക്ക് കൊണ്ടുപോയി. മകന്റെ വിയോഗം താങ്ങാനാവാതെ അലമുറയിടുന്ന അമ്മ ശ്രീകലയും അനുജത്തിയും നിറകണ്ണുകളോടെ ചേതനയറ്റ മകന്റെ മുന്നിൽ നിന്ന പിതാവ് പ്രഹ്ളാദനും നൊമ്പരക്കാഴ്ചയായി. ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെയാണ് ഭൗതിക ശരീരം ചിതയിലേക്കെടുത്തത്. സേനാ ക്യാമ്പിൽ നിന്ന് മദ്രാസ് റജിമെന്റിലെ മേജറുടെ നേതൃത്വത്തിൽ എത്തിയ പട്ടാളക്കാർ ആചാരപരമായി വിടചൊല്ലി ലാസ്റ്റ് പോസ്റ്റ് മുഴക്കി. പുതച്ചിരുന്ന ദേശീയ പതാകയും മകന്റെ യൂണിഫോമും സൈനികരിൽ നിന്ന് അമ്മ ശ്രീകല നിറമിഴികളോടെ വിറയാർന്ന കൈകളിൽ ഏറ്റുവാങ്ങി. ഉറ്റബന്ധുവായ പന്ത്രണ്ടുകാരൻ ആരോമലാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
മന്ത്രി പി കെ.രാജു, സി.പി.ഐ. ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ. കൊല്ലം ജില്ലാ കളക്ടർ അബ്ദുൽ നാസർ, ബി.ജെ.പി. നേതാവ് ജെ. പത്മകുമാർ, മുൻ എം.എൽ.എ. പി.എസ്. സുപാൽ, എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ, എസ്.എൻ.ഡി.പി.യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.പി. സുന്ദരേശൻ, വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, സെക്രട്ടറി ആർ. ഹരിദാസ്, ഡി.സി.സി. ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ്, എക്സ് സർവീസ് ലീഗ് അഞ്ചൽ മേഖലാ പ്രസിഡന്റ് പി. അരവിന്ദൻ, ബി.ജെ.പി. നേതാക്കളായ ഉമേഷ് ബാബു, ആലഞ്ചേരി ജയചന്ദ്രൻ, സി.പി.ഐ. നേതാവ് എം. സലീം, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ‌്വ. വി. രവീന്ദ്രനാഥ്, വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ് തുടങ്ങിയവർ പുഷ്പചക്രം അർപ്പിച്ചു.
സംസ്കാര ചടങ്ങിനുശേഷം എസ്. എൻ. ഡി. പി ശാഖാഹാളിൽ ചേർന്ന അനുശോചന യോഗം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു.