വയലടയും കക്കാടംപൊയിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളാകും
കോഴിക്കോട്: മഞ്ഞുപുതച്ച മലനിരകളും അരുവികൾ തഴുകുന്ന പാറക്കെട്ടുകളും നിറഞ്ഞ കക്കാടം പൊയിലും വയലടയും ഇനി കൂടുതൽ സുന്ദരിയാകും. വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇക്കോ ടൂറിസം സെന്ററുകൾ തുടങ്ങാനുള്ള പ്രവർത്തനങ്ങൾക്ക് വേഗതയേറി. പദ്ധതി പ്രൊപ്പോസൽ ഇക്കോ ടൂറിസം ക്ലിയറൻസ് കമ്മിറ്റിയുടെ പരിഗണനയിലാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി ആരംഭിക്കും. പ്രദേശത്തെ വനസംരക്ഷണ സമിതിയുമായി കൂടിയാലോചിച്ച ശേഷമാണ് ഇക്കോ ടൂറിസത്തിന്റെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കുക. പ്രദേശത്തിന്റെ സൗന്ദര്യം ചോർന്നുപോകാതെയായിരിക്കും ടൂറിസം സെന്ററുകൾ ആരംഭിക്കുക. പങ്കാളിത്ത വനപരിപാലനത്തിന്റെ ഭാഗമായി തദ്ദേശീയരായ വനാശ്രിതരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. വനം-വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക, വനോത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിലൂടെ പ്രദേശവാസികൾക്ക് വരുമാനമാർഗം തുറന്നുകൊടുക്കുക, പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന് സൗകര്യം തുടങ്ങിയ ലക്ഷ്യങ്ങൾ പദ്ധതിയിലൂടെ നടപ്പാക്കാൻ സാധിക്കും. നിലവിൽ ജില്ലയിൽ ഏഴ് ഇക്കോ ടൂറിസം കേന്ദ്രങ്ങളാണുള്ളത്.
സൗകര്യമൊരുക്കും
കേന്ദ്രങ്ങളിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ടിക്കറ്റ് കൗണ്ടർ, കുടിവെള്ളം, ഭക്ഷണം, ടോയ്‌ലറ്റ് തുടങ്ങിയവ ഒരുക്കും. മാലിന്യം നിക്ഷേപിക്കുന്നതിന് വേസ്റ്റ് ബിന്നുകളും സഞ്ചാരികൾക്ക് കാഴ്ചകൾ വിശദീകരിക്കാൻ ഗൈഡുമാരെയും നിയമിക്കും.
സഞ്ചാരികളുടെ പറുദീസ
കക്കാടംപൊയിൽ താമരശ്ശേരി റെയ്ഞ്ചിന് കീഴിലും വയലട പെരുവണ്ണാമൂഴി റെയ്ഞ്ചിന് കീഴിലുമാണ്. നിലവിൽ പ്രദേശത്തെ ഭംഗി ആസ്വദിക്കാൻ ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. വിവിധ ടൂറിസം പദ്ധതികളിലുൾപ്പെടുത്തി
വയലടയിൽ അടിസ്ഥാന സൗകര്യമുൾപ്പെടെ സജ്ജമാക്കിയിട്ടുണ്ടെങ്കിലും കക്കാടംപൊയിൽ ടൂറിസത്തിന് ഈ അടുത്ത കാലത്താണ് പരിഗണന ലഭിച്ചത്. കക്കാടംപൊയിൽ നായാടംപൊയിൽ വനഭാഗം, സമുദ്ര നിരപ്പിൽ നിന്ന് 2200 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലെങ്കിലും നിരവധി സഞ്ചാരികൾ ഇവിടെയത്തുന്നു. സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് വയലട സ്ഥിതിചെയ്യുന്നത്.
ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ
തുഷാരഗിരി
കക്കാട്
വനപർവ്വം (താമരശ്ശേരി)
ജാനകിക്കാട്
പെരുവണ്ണാമൂഴി
കക്കയം
കടലുണ്ടി
'തുടക്കത്തിൽ അടിസ്ഥാന സൗകര്യങ്ങൾ സെന്ററുകളിലൊരുക്കും. പിന്നീട് ആളുകൾ വരുന്നതിനനുസരിച്ച് കൂടുതൽ സൗകര്യങ്ങളും സജ്ജമാക്കും'- ആഷിഖ്, ഡി.എഫ്.ഒ. കോഴിക്കോട്.