സൗദിയിൽ വാഹനാപകടം: ഉംറ തീർത്ഥാടകരടക്കം 35 പേർ മരിച്ചു, ബസ് പൂർണമായും കത്തി
Thursday 17 October 2019 8:34 AM IST
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ 35 പേർ മരിച്ചു. മദീനയ്ക്ക് സമീപത്തെ ഹിജിറ റോഡിലാണ് അപകടം നടന്നത്. മരിച്ചവരിൽ ഉംറ തീർത്ഥാടകരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവർ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഏഷ്യൻ, അറബ് വംശജരാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. ബസ് മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പടിഞ്ഞാറൻ സൗദി സിറ്റിയിൽ നിന്നും പുറപ്പെട്ട പ്രൈവറ്റ് ചാർട്ടേർഡ് ബസാണ് അപകടത്തിൽപ്പെട്ടതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ബസ് പൂർണമായും കത്തി നശിച്ചു. പരിക്കേറ്റവരെ അൽ-ഹമ്‌ന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.