കൊട്ടിയം - അഞ്ചൽ ട്രാൻ. ചെയിൻ പത്താം വയസിലേക്ക്; ഇപ്പോഴും മാറ്റമില്ലാതെ യാത്രാദുരിതം
ഓയൂർ : കൊല്ലം ജില്ലയിൽ കെ.എസ്.ആർ.ടി.സിക്ക് മികച്ച വരുമാനം നൽകിയിരുന്ന കൊട്ടിയം - അഞ്ചൽ ചെയിൻ സർവീസ് പത്താം വർഷത്തിലേക്ക് കടക്കുമ്പോഴും യാത്രക്കാരുടെ ദുരിതത്തിന് അറുതിയില്ല. ഇത്തിക്കര, ആദിച്ചനല്ലൂർ, ഓയൂർ, ആയൂർ വഴി സർവീസ് നടത്തുന്ന ഈ ചെയിൻ സർവീസുകൾ താളംതെറ്റിയത് നൂറുകണക്കിന് യാത്രക്കാരെയാണ് വലയ്ക്കുന്നത്.
തുടക്കത്തിലെ ആവേശം കൈവിട്ടു
പാസഞ്ചേഴ്സ് അസോസിയേഷന്റെ നിരന്തര ഇടപെടലിനെത്തുടർന്ന് എം.ജി. രാജമാണിക്യം സി.എം.ഡിയും ജി. അനിൽകുമാർ ഇ.ഡി.ഒയും ആയിരുന്ന കാലത്താണ് ജന്റം ലോ ഫ്ലോർ ബസുകൾ ഉപയോഗിച്ച് ഈ ചെയിൻ സർവീസ് ആരംഭിച്ചത്. ചാത്തന്നൂർ, ചടയമംഗലം ഡിപ്പോകളിൽ നിന്ന് രാവിലെ 5 മുതൽ രാത്രി 9.30 വരെ കൃത്യമായ 15 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തിയിരുന്നപ്പോൾ ഈ റൂട്ടിലെ യാത്രക്കാർക്ക് അത് വലിയ ആശ്വാസമായിരുന്നു.
ട്രിപ്പുകൾ വെട്ടിക്കുറച്ചു; സ്വകാര്യ ബസുകൾക്ക് ലാഭം
കൊവിഡിന് ശേഷം ഡ്യൂട്ടി പരിഷ്കരിച്ചതോടെ ബസുകളുടെ എണ്ണം 13ൽ നിന്നും ഒൻപതായി കുറഞ്ഞു. ഒന്നര ഡ്യൂട്ടി സമ്പ്രദായം വന്നതോടെ ട്രിപ്പുകൾ കുറയുകയും ബസുകൾ തമ്മിലുള്ള ഇടവേള 30 മിനിറ്റ് വരെയായി വർദ്ധിക്കുകയും ചെയ്തു. പീക്ക് ടൈമിൽ പോലും ബസുകൾ ഇല്ലാതായതോടെ സമാന്തര സർവീസുകളും സ്വകാര്യ ബസുകളും യാത്രക്കാരെ കൊണ്ടുപോകുന്നത് കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയായി. വിദ്യാർത്ഥി കൺസഷൻ അനുവദിച്ചെങ്കിലും ബസുകൾ കുറവായതിനാൽ കുട്ടികളും കടുത്ത ദുരിതത്തിലാണ്.
മന്ത്രിമാർക്ക് നിവേദനം നൽകി
പ്രശ്നപരിഹാരത്തിനായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ, മന്ത്രി ജെ. ചിഞ്ചുറാണി, സി.എം.ഡി എന്നിവർക്ക് പാസഞ്ചേഴ്സ് അസോസിയേഷൻ നിവേദനം നൽകി. കൊട്ടിയം - അഞ്ചൽ ചെയിൻ സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനൊപ്പം ഇത്തിക്കര - ഓയൂർ - ആയൂർ സെക്ടറിൽ ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ കൂടി ആരംഭിക്കണമെന്നാണ് ആവശ്യം.
കുളത്തൂപ്പുഴ - എറണാകുളം, ചാത്തന്നൂർ - തൊടുപുഴ, ചടയമംഗലം - വൈറ്റില, പിറവം - അഞ്ചൽ എന്നീ റൂട്ടുകൾക്ക് മുൻഗണന നൽകണം. കൂടാതെ കൊട്ടിയം - ആയൂർ റൂട്ടിൽ മൂന്ന് ഓർഡിനറി സർവീസുകൾ കൂടി അധികമായി ആരംഭിച്ചാൽ യാത്രാക്ലേശം ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഇക്കാര്യത്തിൽ മന്ത്രിയുടെ അടിയന്തിര ശ്രദ്ധ ഉണ്ടാകണം.
എസ്. ലാൽ, കെ.വി. അനോജ്
പാസഞ്ചേഴ്സ് അസോ.