തേനീച്ച ആക്രമണം: നിരവധി പേർക്ക് പരിക്ക്
Tuesday 10 February 2026 12:41 AM IST
കൊല്ലം: കുളത്തുപ്പുഴയിൽ തേനീച്ചയുടെ കുത്തേറ്റു നിരവധി പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 11 ഓടെ അഞ്ചൽ റേഞ്ച് വനമേഖലയിൽപ്പെട്ട ചോഴിയക്കോട് മാടൻ നടയിലാണ് സംഭവം. വനത്തിൽ നിന്നിരുന്ന യൂക്കാലി, മാഞ്ചിയം മരങ്ങൾ കരാറുകാരൻ ലേലത്തിൽ പിടിച്ചിരുന്നു. ഈ തടികൾ ലോറിയിൽ കയറ്റുന്നതിനിടെ വള്ളിപ്പടർപ്പുകളിൽ കൂട് വച്ചിരുന്ന തേനീച്ചകൾ കൂട്ടമായി എത്തി തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. രവി, സുകു, സുശീലൻ, പ്രഭു, മണിയൻ, നാസർ, രമേശൻ, കുഞ്ഞുമോൻ, പ്രദീപ്, ശശി,ജലീൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കുളത്തുപ്പുഴ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മിൽപ്പാലം സ്വദേശി രവിയെ (58) കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.