കുട്ടികളിലെ സോഷ്യൽ മീഡിയ ആസക്തി പഠിക്കാൻ വിദഗ്ദ്ധസമിതി

Tuesday 10 February 2026 12:49 AM IST

തിരുവനന്തപുരം: കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന സോഷ്യൽ മീഡിയ ആസക്തിയെക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനം. പൊതുവിദ്യാഭ്യാസ സെക്രട്ടറി അദ്ധ്യക്ഷയായ സമിതിയിൽ പ്രഗത്ഭരായ വിദഗ്ദ്ധർ അംഗങ്ങളാകും. സമിതിയിൽ ആരൊക്കെ ഉൾപ്പെടണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. കുട്ടികൾക്കിടയിൽ വിവേകപൂർണമായ ഇന്റർനെറ്റ് ഉപയോഗം എങ്ങനെ സാദ്ധ്യമാക്കാം എന്നതിനെക്കുറിച്ച് സമിതി വിശദമായി പരിശോധിക്കും. മൂന്ന് മാസത്തിനകം പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന എസ്.സി.ഇ.ആർ.ടി കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പരിഷ്കരിച്ച 41 പ്ലസ് വൺ പാഠപുസ്തകങ്ങൾക്ക് കരിക്കുലം കമ്മിറ്റി അംഗീകാരം നൽകി. ഇവയുടെ അച്ചടി ഉടൻ ആരംഭിക്കും. എസ്.എസ്.എൽ.സി പരീക്ഷ അവസാനിക്കുന്നതിന് മുമ്പ് തന്നെ പുസ്തകങ്ങൾ വിതരണത്തിന് സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.