ഇറ്റലിക്ക് സ്കോട്ടിഷ് നടയടി

Monday 09 February 2026 11:54 PM IST

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇറ്റലിയെ 73 റൺസിന് തോൽപ്പിച്ച് സ്കോട്ട്‌ലാൻഡ്

കൊൽക്കത്ത : ആദ്യമായി ട്വന്റി-20 ലോകകപ്പിൽ കളിക്കാനിറങ്ങിയ ഇറ്റലിയെ നടയടിയുമായി വരവേറ്റ് സ്കോട്ട്‌ലാൻഡ്. ഈഡൻഗാർഡൻസിൽ നടന്ന മത്സരത്തിൽ 73 റൺസിനാണ് സ്കോട്ട്‌ലാൻഡ് കീഴടക്കിയത്. ബംഗ്ളാദേശിന് പകരം ലോകകപ്പിലേക്ക് ബർത്ത് ലഭിച്ച സ്കോട്ട്‌ലാൻഡിന്റെ ആദ്യ വിജയമാണിത്. ആദ്യമത്സരത്തിൽ വിൻഡസിനോട് സ്കോട്ട്‌ലാൻഡ് 35 റൺസിന് തോറ്റിരുന്നു.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങി 207/4 എന്ന സ്കോർ ഉയർത്തിയ സ്കോട്ട്‌ലാൻഡിന് എതിരെ ഇറ്റലി 16.4 ഓവറിൽ 134 റൺസിന് ആൾഔട്ടാവുകയായിരുന്നു. 54 പന്തുകളിൽ 84 റൺസ് നേടിയ ഓപ്പണർ ജോൺസ് മുൺസേ, ബ്രണ്ടൻ മക്മുള്ളൻ (41 നോട്ടൗട്ട്),മിച്ചേൽ ജോൺസ് (37), മിച്ചേൽ ലീസ്ക് (22നോട്ടൗട്ട്) എന്നിവരാണ് സ്കോട്ടിഷ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. സഹോദരങ്ങളായ ബെൻ മനേന്റി (52), ഹാരി മനേന്റി (37) എന്നിവർക്ക് മാത്രമാണ് ഇറ്റാലിയൻ നിരയിൽ പിടിച്ചുനിൽക്കാനായത്. നാലുവിക്കറ്റുകളും വീഴ്ത്തിയ സ്കോട്ട്‌ലാൻഡിന്റെ മിച്ചൽ ലീസ്കാണ് പ്ളേയർ ഒഫ് ദ മാച്ച്.

ശനിയാഴ്ച ഇംഗ്ളണ്ടിന് എതിരെയാണ് സ്കോട്ട്‌ലാൻഡിന്റെ അടുത്ത മത്സരം. ഇറ്റലി വ്യാഴാഴ്ച നേപ്പാളിനെ നേരിടും.

ഇറ്റലിക്ക് പരിക്കിന്റെ ഇരുട്ടടിയും

തോൽവിക്ക് പുറമേ പരിക്കിന്റെ വേദനയും ഇന്നലെ അനുഭവിക്കേണ്ടിവന്നു. 42കാരനായ ക്യാപ്ടൻ വെയ്‌ൻ മാഡ്സണിന് ഫീൽഡ്ചെയ്യുന്നതിനിടെ കൈക്ക് പരിക്കേൽക്കുകയായിരുന്നു. തോളിന്റെ കുഴതെറ്റിയ ക്യാപ്ടന് ഈ ലോകകപ്പിൽ ഇനി കളിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ.