ദിവസ വേതനക്കാരുടെ പണം കടത്തലിൽ വിശദ അന്വേഷണം വേണം

Tuesday 10 February 2026 1:52 AM IST

ശബരിമല: ശബരിമലയിൽ ദേവസ്വം ബോർഡിലെ ചില ദിവസ വേതനക്കാർ ബാങ്ക് വഴിയും പോസ്റ്റ് ഓഫീസ് വഴിയും ബന്ധുക്കൾക്ക് വൻ തുക കൈമാറിയതിനെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചു. 650 രൂപ മാത്രം ദിവസ വേതനമുള്ളവർ കഴിഞ്ഞ മണ്ഡല കാലത്ത് 27910 രൂപ മുതൽ 1.38 ലക്ഷം വരെ അയച്ചിട്ടുണ്ടെന്ന് സ്‌പെഷ്യൽ കമ്മിഷണർ ആ‌ർ.ജയകൃഷ്ണൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു.2025 നവംബർ 17 മുതൽ ഡിസംബർ 31വരെ പോസ്റ്റ് ഓഫീസ് വഴി മാത്രം പണമിടപാട് നടത്തിയ അഞ്ച് ജീവനക്കാർ 3,73,460 രൂപ കൈമാറിയതായി കണ്ടെത്തി.

അനധികൃത പണമിടപാട് നടക്കുന്നതായി വിവരം ലഭിച്ച ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. മണി ഓർഡറുകളുടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ പത്തനംതിട്ട പോസ്റ്റ് ഓഫീസ് സൂപ്രണ്ടിൽ നിന്ന് ശേഖരിച്ചു. മണി ഓർഡറുകൾ വഴി മാത്രം 14,08,880 ലക്ഷം രൂപ കൈമാറ്റം ചെയ്തിട്ടുണ്ട്. അത്തരം കൈമാറ്റങ്ങളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ തുക അയച്ചവരുടെ വിശദാംശങ്ങൾ മാത്രമാണ് റിപ്പോർട്ടിലുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലുള്ളവരാണ് ഇവർ. ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്ന് ബാങ്കുകൾ വഴിയും പോസ്റ്റ് ഓഫീസുകൾ വഴിയും പതിവായി പണം അയച്ചിരുന്ന താത്കാലിക, ജീവനക്കാരുടെ വിശദാംശങ്ങൾ വിജിലൻസ് ശേഖരിച്ചു വരുകയാണ്. ചില ദേവസ്വം ജീവനക്കാരും പണം കടത്തിയെന്ന് സൂചനയുണ്ട്.