അണ്ടർ 20 ഫുട്ബാൾ വയനാടിനെ വെട്ടിവീഴ്ത്തി കോട്ടയം

Monday 09 February 2026 11:56 PM IST

തിരുവനന്തപുരം: സംസ്ഥാന യൂത്ത് അണ്ടർ 20 അന്തർജില്ലാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ വയനാടിനെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ച് കോട്ടയം. മൈലം ജി.വി.രാജ സ്പോർട്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ 85-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ നായകൻ ടി. ആദിത്യനാണ് കോട്ടയത്തിന് വിജയമൊരുക്കിയത്.

തുല്യശക്തികളുടെ പോരാട്ടം കണ്ട മത്സരത്തിൽ ആദ്യ പകുതി മുതൽ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. വയനാടിന്റെ പ്രതിരോധനിരയെ പലപ്പോഴും പരീക്ഷിക്കാൻ കോട്ടയത്തിന് സാധിച്ചു. വയനാടിന്റെ തിരിച്ചടികൾ കോട്ടയത്തിന്റെ പോസ്റ്റിന് മുന്നിൽ നിർവീര്യമായി. ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ചപ്പോഴാണ് വയനാടിന്റെ മിഡ്ഫീൽഡർ ഉക്കാഷയുടെ കൈയിൽ പന്തുതട്ടിയതും പെനാൽറ്റി വിധിച്ചതും. വിജയത്തോടെ കോട്ടയം സെമി ബർത്ത് ഉറപ്പിച്ചു.

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിൽ പത്തനംതിട്ടയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി തിരുവനന്തപുരം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സി. സൂര്യ ദേവ്, വി. ശരത് എന്നിവരാണ് തിരുവനന്തപുരത്തിനായി വലകുലുക്കിയത്.